ഖുര്‍ആന്‍ കോളേജിലെ പാചകക്കാരന്റെ ബൈക്ക് കത്തിച്ച സംഭവം; അധ്യാപകന്‍ അറസ്റ്റിൽ

By Web TeamFirst Published Jan 3, 2020, 9:26 PM IST
Highlights

സംഭവത്തില്‍ കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കും പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉസ്താദിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൃത്യം നിര്‍വഹിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.

കോഴിക്കോട്: നരിക്കുനി ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ പാചകക്കാരന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ ഇതേ സ്ഥാപനത്തിലെ അധ്യാപകന്‍ അറസ്റ്റിലായി. പുല്ലാളൂരിലെ പി.പി. ഇബ്രാഹീം മുസ്ലിയാര്‍ മെമ്മോറിയല്‍ ഹിഫ്ലുല്‍ ഖുര്‍ആന്‍ കോളെജിലെ അധ്യാപകനായ താമരശ്ശേരി കോരങ്ങാട്ട് വീട്ടില്‍ മുഹ്‌സിന്‍ ദാരിമി(33)യെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കും പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പുല്ലാളൂര്‍ താഴക്കോട്ട് മീത്തല്‍ ഉസൈന്‍ കോയയുടെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ ഡിസംബര്‍ 25 ന് രാത്രിയിലായിരുന്നു സംഭവം. ഉസൈന്‍കോയയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് പള്ളിയുടെ പിന്‍വശത്ത് എത്തിച്ച് അഗ്നിക്കിരയാക്കിയ ശേഷം റോഡരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. കാക്കൂര്‍ എസ് ഐ ആഗേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കോളേജിലെ അധ്യാപകനും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ബൈക്ക് അഗ്നിക്കിരയാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. 

ഉസ്താദിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൃത്യം നിര്‍വഹിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. മുൻപ് കോളേജിലെ പാചകക്കാരനായ ഉസൈന്‍ കോയയെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് വന്ന പാചകക്കാരനും ഉസ്സൈനുമായി ബന്ധമുള്ളതാണ് ബൈക്ക് അഗ്നിക്കിരയാക്കാന്‍ കാരണമെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ മുഹ്‌സിന്‍ ദാരിമിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത നാല് വിദ്യാർത്ഥികളെ ജുവൈനല്‍ ജസ്റ്റിസ് ഫോറം മുമ്പാകെ ഹാജരാക്കാന്‍ രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

click me!