
താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ പിടികൂടി. എറണാകുളം കുഞ്ഞിക്കൈ കളത്തില്‍ തൊമ്മന്‍ എന്ന തോമസ് (40), തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് അലങ്കാരത്തു പറമ്പില്‍ ഷാമോന്‍ (23) എന്നിവരാണ് ഇടപ്പള്ളി വച്ചും കൊടുങ്ങല്ലൂര്‍ വച്ചും താമരശേരി പൊലീസ് പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
13ന് രാവിലെ എട്ടു മണിയോടെ ചുരം ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മൈസൂരില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങാനായി കൊടുവള്ളിയിലേക്ക് കാറില്‍ വരികയായിരുന്ന മഹാരാഷ്ട്ര സ്വദേശി വിശാല്‍ ഭഗത് മട്കരി എന്നയാളെ രണ്ടു കാറുകളിലായി വന്ന കവര്‍ച്ച സംഘം മുന്‍പിലും പുറകിലുമായി ബ്ലോക്കിട്ട് കാറിന്റെ സൈഡ് ഗ്ലാസുകള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകര്‍ത്ത് പുറത്തേക്കിട്ട ശേഷം കാറും കാറില്‍ സൂക്ഷിച്ചിരുന്ന 68 ലക്ഷം രൂപയുമായി കടന്ന് കളഞ്ഞെന്നായിരുന്നു പരാതി.
സംഭവത്തിനു ശേഷം പതിനഞ്ചാം തിയ്യതിയാണ് വിശാല്‍ പരാതിയുമായി താമരശേരി പൊലീസ് സ്റ്റേഷനില്‍ വരുന്നത്. സംഭവത്തെ കുറിച്ച് നിരവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിയ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും മറ്റ് പ്രതികളെ കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണ കവര്‍ച്ച സംഘത്തിലെ ചിലരാണ് ആസൂത്രണം ചെയ്തത്. ഷാമോന്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാളാണെന്നും പൊലീസ് അറിയിച്ചു. സ്വര്‍ണ്ണ-കുഴല്‍പ്പണ ഇടപാടുകാര്‍ മുതല്‍ നഷ്ടപ്പെട്ടാല്‍ പരാതി നല്‍കില്ലെന്ന് മനസിലാക്കിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കവര്‍ച്ചക്ക് ഉപയോഗിച്ച കെ.എല്‍ 45 ടി.3049 നമ്പര്‍ സ്വിഫ്റ്റ് കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു.
താമരശേരി ഡിവൈഎസ്പി ഇന്‍ ചാര്‍ജ് പി. പ്രമോദിന്റെ നേതൃത്വത്തില്‍ താമരശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍. എ, എസ് ഐ ജിതേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എഎസ്‌ഐ അഷ്റഫ്. വി, സീനിയര്‍ സിപിഒമാരായ ജയരാജന്‍ പനങ്ങാട്, ജിനീഷ് ബാലുശേരി, സിപിഒ മുജീബ്. എം, ജിതിന്‍.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജോലിയെന്താ? കോണ്‍ക്രീറ്റ് പണി, പക്ഷെ ഇടപാട് വേറെ; കയ്യോടെ പിടികൂടി പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam