'ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കട്ടെ, ജാഗ്രത കാട്ടാം'; മേയര്‍ ആര്യ രാജേന്ദ്രന്‍

By Web TeamFirst Published Oct 31, 2022, 4:22 PM IST
Highlights

ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം- മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: പാറശ്ശാലയില്‍ ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ നായര്‍ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപാതകത്തിയ സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. ഷാരോണിന്‍റെ കൊലപാതകം ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടണമെന്നും ആര്യ പറയുന്നു. നേരത്തെ കണ്ണൂർ പാനൂരിൽ യുവാവിന്‍റെ പ്രണയപ്പകയില്‍ വിഷ്ണുപ്രിയ എന്ന യുവതി കൊലക്കത്തിക്കിരയായപ്പോഴും മേയര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ല. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകും. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുകയെന്ന് ആര്യ അന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.

പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം. പാറശാലയിലെ ഷാരോണിന് ആദരാഞ്ജലികൾ.

Read More : 'ഇന്ന് ഞങ്ങളുടെ കല്യാണമാണ്';താലി കെട്ടിയ ശേഷമുള്ള ഷാരോണിന്‍റെയും ഗ്രീഷ്മയുടേയും വീഡിയോ പുറത്ത്

click me!