
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ വീട്ടിൽ കയറി ഡോ.ദീപ്തി മോള്‍ ജോസ് യുവതിയെ വെടിവച്ചത് ഒരു വർഷം നീണ്ട തയ്യാറെടുപ്പിന് ശേഷമെന്ന് പൊലീസ്. മുൻ സുഹൃത്തായ വഞ്ചിയൂർ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമായിരുന്നു ആക്രണത്തിന് കാരണം. മുഖം മറച്ചുവന്നിട്ടും പൊലീസ് തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും, കാറുമാണ് പ്രതിയിലേക്ക് എത്തിചേരാൻ പൊലീസിനെ സഹായിച്ചത്. തലസ്ഥാനത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ ഡോ.ദീപ്തി വെടിവച്ചത്. പിന്നാലെ ഞൊടിയിടിൽ കാറിൽ കയറി പ്രതി കടന്നു കളഞ്ഞു.
തലസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തിന് വ്യക്തിവൈരാഗ്യമോ-സാമ്പത്തിക പ്രശ്നങ്ങളോ ആകുമെന്ന് കാര്യം പൊലീസ് ആദ്യം തന്നെ ഉറപ്പിച്ചു. വെടിയേറ്റ ഷിനിയെയും ഭാർത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതൊടൊപ്പം ഷാഡോ പൊലീസ് യുവതി എത്തിയ കാറ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പാരിപ്പള്ളിവരെയാണ് കാർ പോയിരിക്കുന്നതെന്ന് കണ്ടെത്തി. ഷിനിയാണോയെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു യുവതി വീട്ടമ്മയെ വെടിവെച്ചത്. അതിനാൽ ഷിനിയെ നേരിട്ട് പരിചയമില്ലാത്ത ഒരാളായതിനാൽ അന്വേഷണം ഭർത്താവ് സുജിത്തിലേക്ക് കേന്ദ്രീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുജിത്ത് മൂന്നു വർഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. അവിടെയുള്ള ഒരു ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലിൽ പുറത്തുവന്നു.
അക്രമി മുഖം പകുതി മറച്ചാണ് എത്തിയെന്ന് ദൃക്സാക്ഷിയായ സുജിത്തിന്‍റെ അച്ഛൻ മൊഴി നൽകിയിരുന്നു. ഡോ.ദീപ്തിയുടെ ചിത്രമെടുത്ത് മുഖം പകുതി മറച്ച് ഗ്രാഫിക്സ് ചെയ്ത് പൊലീസ് സാക്ഷിയെ കാണിച്ചു. ഇതേ ആളുതന്നെയാണ് അക്രമിയെന്ന് സാക്ഷി തിരിച്ചറിഞ്ഞു. സിൽവർ കളറിലുള്ള കാറിന് വ്യാജനമ്പർ പ്ലേറ്റ് ആണ് പതിച്ചതെന്നും, തെറ്റിദ്ധരിപ്പിക്കാനായി പുറകിൽ എൽ ബോർഡും പതിപ്പിച്ചിരുന്നതായതും പൊലീസ് കണ്ടെത്തി. വെടിവെപ്പ് നടന്ന ശേഷം അക്രമി ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് കൊല്ലത്തെത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ മനസിലാക്കി
ദീപ്തിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സിൽവർ കളറിലുള്ള കാർ ഇവരുടെ ആയൂരിലെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ പ്രതി ദീപ്തിയാണെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നാലെ 24 മണിക്കൂർ നിരീക്ഷിച്ച ശേഷമാണ് പൊലീസ് ഡോക്ടറെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സുജിത്തും ദീപ്തിയും സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനിടെയാണ് കോവിഡ് കാലത്ത് പരിചയത്തിലാകുന്നതെന്നാണ് മൊഴി. എന്നാൽ സുജിത്തിന്‍റെ ഭാര്യ ഇതറിഞ്ഞ് ബന്ധം വിലക്കി. സുജിത്ത് ബന്ധത്തിൽ നിന്നും അകന്നു. ഇതോടെയാണ് പ്രതികാരം തീർക്കാൻ ദീപ്തി തീരുമാനിച്ചത്. വീടും പരിസരവും കണ്ടെത്തി മനസിലാക്കിയ ദീപ്തി പിന്നീട് ആക്രമണം പ്ലാൻ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
Read More : വാളുകൊണ്ട് വെട്ടി, തോട്ടിൽ മുക്കി കൊന്നു; ചാമക്കാല ശ്രീനാഥ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam