
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി 18കാരിയടക്കം മൂന്ന് പേർ അറസ്റ്റിൽ. പുതുവത്സര ആഘോഷത്തിന് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് കൊച്ചി പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്‍മി എന്നിവരാണ് പിടിയിലായത്. ദേശാഭിമാനി റോഡിൽ യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അധികൃതർ 120 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പൊലീസ് എത്തുമ്പോൾ ലഹരിവസ്തു തൂക്കി പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു മൂവരും. അഭിരാമാണ് സംഘത്തിന്‍റെ നേതാവെന്ന് പൊലീസ് അറിയിച്ചു.
സംഘത്തിലെ യുവതി സിവിൽ ഏവിയേഷന്‍ വിദ്യാർത്ഥിനിയാണ്. ഇടുക്കി സ്വദേശികളായ മൂന്ന് പേരും പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് ലഹരിവില്പന നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായാണ് വീട് കേന്ദ്രീകരിച്ച് വില്‍പ്പന തുടങ്ങിയത്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു പൊലീസിന്‍റെ നടപടി. എവിടെ നിന്നാണ് ലഹരി വസ്തു കൊണ്ടുവന്നത് എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങൾ ഊർജിതമായി അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേരളത്തിലേക്ക് എംഡിഎംഎ കടത്താത്തിയ നൈജീരിയക്കാരൻ അറസ്റ്റിലായിരുന്നു. 27 കാരനായ കെൻ എന്ന ആളാണ്
തൃശൂരിൽ അറസ്റ്റിലായത്. ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു ലഹരി കടത്ത്. രണ്ട് പേരിൽ നിന്നായി 500 ഗ്രാം എംഡിഎംഎ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ദില്ലിയിൽ നിന്ന് നൈജീരിയക്കാരനെ പിടികൂടിയത്. തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മലപ്പുറത്തും വൻ എംഡിഎംഎ വേട്ട നടന്നിരുന്നു. കോടിക്കണക്കിന് രൂപയുടെ ലഹരിയാണ് പിടികൂടിയത്. ഈ കേസിനും ബെംഗളൂരുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam