
കൂട്ടിലങ്ങാടി: മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ടാങ്കർ ലോറിയുടെ അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
രാവിലെ 6.10 ഓടെയാണ് ദേശീയപാതയിൽ അപകടം ഉണ്ടാകുന്നത്. കോഴിക്കോട് നിന്ന് വന്ന ഗ്യാസ് ടാങ്കർ ലോറി എതിരെ വന്ന ഗുഡ്സ് ഓട്ടോയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇതേ ദിശയിൽ വന്ന കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം.
അഞ്ച് തൊഴിലാളികളാണ് ഗുഡ്സ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇതിൽ പശ്ചിമ ബംഗാൾ സ്വദേശികളായ സൈദുൽ ഖാൻ, സബീറലി, സാദത്ത് എന്നിവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഓട്ടോ ഡ്രൈവറായ മക്കരപറമ്പ് സ്വദേശി ഫൈസൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ടാങ്കർ ലോറി അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ദ്യശ്യങ്ങളിലും ഇത് വ്യക്തമാണ്.
സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam