
ദില്ലി: ഗാസിയാബാദിൽ 3 സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത നീക്കാൻ എല്ലാ വശങ്ങളും പരിശോധിക്കുകയാണ് പൊലീസ്. പിതാവിന്റെ സാമ്പത്തിക പ്രശ്നങ്ങൾ അന്വേഷിച്ച പൊലീസ് ഇയാൾക്ക് 2 കോടി രൂപ കടമുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുട്ടികളുടെ മൊബൈൽ ഈയിടെ വിറ്റുവെന്നും പൊലീസ് പറയുന്നു. മൂന്ന് കുട്ടികളും തീർത്തും ഒറ്റപ്പെട്ട രീതിയിലാണ് ജീവിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ഗെയിമിന് അടിമകളായിരുന്നു കുട്ടികളെന്നും ഇത് വിലക്കിയതിനെ തുടർന്നാണ് കുട്ടികൾ കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത് എന്നുമുള്ള വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. കുട്ടികളുടെ മരണം ആത്മഹത്യ തന്നെയെന്ന് ദൃക്സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലടക്കം പൊലീസ് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ പരിശോധിക്കുമ്പോൾ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. തുടർന്നാണ് ഇപ്പോൾ അന്വേഷണം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ പിതാവിന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നു. കൂടാതെ രണ്ട് ഭാര്യമാരുമുണ്ടായിരുന്നു. അതിൽ ആദ്യഭാര്യയിലെ കുട്ടിക്ക് മാനസികമായി ചില പ്രശ്നങ്ങളുമുണ്ടായിരുന്നു. 3 വർഷം മുമ്പാണ് ഇവർ ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് എത്തിയത്. സ്റ്റോക്ക് ട്രേഡറായറാണ് ഇവരുടെ പിതാവ്. ഇതുവഴിയാണ് ഇത്രയധികം കടം വന്നത്. കൊവിഡ് കാലം മുതൽ കുട്ടികളുടെ പഠനം മുടങ്ങിയിരിക്കുകയായിരുന്നു. മൂത്തകുട്ടി നാലാം ക്ലാസിലാണ് ഏറ്റവുമൊടുവിൽ പഠിച്ചിരുന്നത്. കുട്ടികൾ സ്കൂളിൽ പോകുന്നതോ മറ്റ് കുട്ടികളുമായി കളിക്കുന്നതോ ഒന്നും കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറയുന്നു. തീർത്തും ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ഇവർ ഓൺലൈൻ ഗെയം മാത്രമല്ല, വെബ്സീരീസുകളും സ്ഥിരമായി കാണാറുണ്ടായിരുന്നു. കുട്ടികൾ മറ്റൊരു ലോകത്ത് ജീവിക്കുന്നതായിട്ടാണ് തോന്നിയിരുന്നതെന്നും ചില മൊഴികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ അച്ഛനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കടം മൂലം വീട്ടിൽ വൈദ്യുതി ബില്ലടക്കാൻ പോലും പണമുണ്ടായിരുന്നില്ല. തുടർന്നാണ് പിതാവ് കുട്ടികളുടെ മൊബൈൽ ഫോൺ വിറ്റത്. ഇതിനെതിരെ വളരെ രൂക്ഷമായി പ്രതികരിച്ച് കുട്ടികൾ ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നു. ഈ കുറിപ്പ് വായിച്ചു നോക്കണമെന്ന് ആത്മഹത്യക്കുറിപ്പിലും പരാമർശിച്ചിരുന്നു. വരും ദിവസങ്ങളിലെ അന്വേഷണത്തിൽ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam