തൃശ്ശൂർ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ കഞ്ചാവ് മാഫിയാ സംഘങ്ങള്‍ തമ്മിലെ വൈരാഗ്യം

By Web TeamFirst Published Apr 27, 2019, 12:56 AM IST
Highlights

മുണ്ടൂരിന് സമീപം പാറപുറത്ത് രണ്ടു യുവാക്കള്‍ വെട്ടേറ്റു മരിച്ച കേസില്‍ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍.  കഞ്ചാവ് കടത്ത് ഒറ്റിയതിൻറെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി

തൃശ്ശൂർ: മുണ്ടൂരിന് സമീപം പാറപുറത്ത് രണ്ടു യുവാക്കള്‍ വെട്ടേറ്റു മരിച്ച കേസില്‍ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍.  കഞ്ചാവ് കടത്ത് ഒറ്റിയതിൻറെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള കുടിപകയെ തുടര്ന്ന് തൃശൂര്‍ സ്വദേശികളായ ശ്യാം ,ക്രിസ്റ്റോ എന്നിവര്‍ വെട്ടേറ്റ് മരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആറ് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി സിജോ ബാബു, ജെസോ, എബി, ഡൈമണ്‍, ഡൈമണിൻറെ സഹോദരൻ പ്രിൻസ് എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്.

ആക്രമണത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയി. കഞ്ചാവ് കടത്ത് ഒറ്റിയതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.  ബൈക്കില് സഞ്ചരിക്കുകയായിരുന്ന ശ്യാമിനെയും ക്രിസ്റ്റോയെയും ടിപ്പര്‍ ലോറിയിടിച്ച ശേഷം പന്നിപടക്കമെറിയാനായിരുന്നു പദ്ധതി. ഇത് കൃത്യസമയത്ത് പൊട്ടാതിരുന്നത് കൊണ്ട് ടിപ്പർ ലോറിയിലുണ്ടായിരുന്ന വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

ശ്യാമിനും ക്രിസ്റ്റോയ്ക്കുമൊപ്പം രണ്ടു സുഹൃത്തുക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ആള്‍പെരുമാറ്റം കേട്ടതോടെ പ്രതികള്‍ സ്ഥലംവിട്ടു. ഇരുസംഘങ്ങളും തമ്മില്‍ കഴിഞ്ഞ മൂന്നു ദിവസമായി പരസ്പരം പന്നിപടക്കമെറിയുകയും വധഭീഷണിയും നടത്തിയിരുന്നു. മുണ്ടൂര്‍, അടാട്ട്, അവണൂര്‍ മേഖലയില്‍ കഞ്ചാവ്-ഗുണ്ടാസംഘങ്ങള്‍ സജീവമാണ്. ഇവര്‍ക്കു പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് ജില്ലയിലെ ഗുണ്ടാ-കഞ്ചാവ് സംഘങ്ങല്‍ക്കിടയില്‍ വ്യാപക റെയ്ഡ് നടത്തി.

ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രസാദ് പോലീസിന് നല്‍കിയ മൊഴിയില്‍ നിന്നാണ് ആക്രമണത്തിന്‍റെ പശ്ചാത്തലം വ്യക്തമാകുന്നത്. മൂന്നാഴ്ച മുന്പ് പ്രസാദിന്‍റെ അമ്മ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നതു മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. രണ്ട് കിലോ കഞ്ചാവുമായിട്ടാണ് പ്രസാദിന്റെ അമ്മ പ്രസീത പോലീസിന്‍റെ പിടിയിലായത്.

അമ്മയുടെ അറസ്റ്റിന് പിന്നിൽ എതിർ ഗുണ്ടാസംഘമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പ്രതികാരത്തിനായി ഇവർ എതിർസംഘത്തിന്റെ നീക്കങ്ങള്‍ പോലീസിനെ അറിയിക്കാന്‍ തുടങ്ങി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരടിയം സ്വദേശികളായ മൂന്ന് പേരെ പോലീസ് പിടികൂയിരുന്നു.  കൊലപാതകം നടക്കുന്നതിന്‍റെ തലേന്ന് രാത്രി ശ്യാമിനെയും സംഘത്തെയും ചിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ ആക്രമണം ഭയന്ന് ഒളിത്താവളത്തിലേക്ക് മാറാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുണ്ടൂര്‍ പാറപ്പുറത്തുവെച്ചായിരുന്നു കൊലപാതകം.

കൊല്ലപ്പെട്ട ശ്യാം, ക്രിസ്റ്റോ എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നാലെ രാജേഷ് എന്ന സുഹൃത്തിനൊപ്പം പ്രസാദും മറ്റൊരു ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. ഇതില്‍ ശ്യാമും ക്രിസ്റ്റോയും സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചിട്ട പിക്കപ്പ് വാന്‍, ഇരുവരെയും 20 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. കൊല്ലാന്‍ ഉറപ്പിച്ചു തന്നെയാണ് സംഘം കൃത്യം നടത്താനെത്തിയതെന്ന് വ്യക്തം.

ശ്യാമും ക്രിസ്റ്റോയും രക്ഷപ്പെടില്ലെന്നുറപ്പിച്ച ശേഷം അക്രമികള്‍ പ്രസാദിനെയും രാജേഷിനെയും പിന്തുടര്‍ന്നു. അതിവേഗം വണ്ടിയോടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും വാന്‍ ഇടിച്ചിട്ടു. വീഴ്ചയില്‍ തലയോട്ടി തകര്‍ന്ന രാജേഷിന്‍റെ നില അതീവ ഗുരുതരമാണ്. പ്രസാദിന്‍റെ കാലില്‍ കൂടി വാന്‍ കയറ്റിയിറക്കുകയും ചെയ്തു. ഇതെല്ലാം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണം നടന്ന് രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്. അപ്പോഴേക്കും ക്രിസ്റ്റോ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ശ്യാമും മരിച്ചു.

കൃത്യം നടപ്പിലാക്കിയ ശേഷം പാലക്കാട് വഴി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ പ്രതികള്‍ പിടിയിലായത്.. കൊല നടത്തിയവരും കൊലയ്ക്കിരയായവരും നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതികളാണ്. പ്രതികള്‍ കൃത്യം ആസൂത്രണം ചെയ്ത വീട്ടില്‍ നിന്നും ബോംബുകളും കുപ്പിച്ചില്ലുകളും കണ്ടെടുത്തു.

click me!