സിനിമയെ വെല്ലും രംഗങ്ങള്‍; തമിഴ്നാടിനെ ഞെട്ടിച്ച് പട്ടാപ്പകല്‍ മന്ത്രിയുടെ പിഎയെ തട്ടിക്കൊണ്ട് പോയി

By Web TeamFirst Published Sep 24, 2020, 8:24 AM IST
Highlights

 സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരുപ്പൂർ കോയമ്പത്തൂർ പൊലീസിൻറെ അന്വേഷണം. കോയമ്പത്തൂർ അതിർത്തി പ്രദേശത്തെ താവളത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി. താവളം പൊലീസ് വളഞ്ഞതോടെ സാഹസികമായി പിഎയെയും കൊണ്ട് സംഘം രക്ഷപ്പെട്ടു. 

ചെന്നൈ: തമിഴ്നാടിനെ മുൾമുനയിൽ നിർത്തി പട്ടാപ്പകൽ മന്ത്രിയുടെ പിഎ യെ ക്വട്ടേഷൻസംഘം തട്ടികൊണ്ടു പോയി. മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ ഓഫീസിൽ നിന്നാണ് പിഎ യെ തട്ടികൊണ്ടുപോയത്. പൊലീസ് ഊർജിത അന്വേഷണം തുടങ്ങിയതിന് പിന്നാലെ ആളൊഴിഞ്ഞ പ്രദേശത്ത് പിഎയെ ക്വട്ടേഷൻ സംഘം ഉപേക്ഷിച്ചു.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉദുമലൈ രാധാകൃഷ്ണൻറെ പിഎ കർണനെയാണ് ഒരു സംഘം പട്ടാപ്പകൽ തട്ടികൊണ്ട് പോയത്. ഉച്ചയ്ക്ക് 11 മണിയോടെ മുഖം മൂടി ധരിച്ച് എത്തിയ നാലംഗ സംഘം ഓഫീസിൽ കയറി പിഎയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. ഓഫീസ് അസിസ്റ്റന്‍റിനെ മർദിച്ച് അവശനാക്കി കെട്ടിയിട്ടു. പിന്നാലെ പിഎ കർണനെ കത്തിമുനയിൽ നിർത്തി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. 

കർണൻറെ മൊബൈൽ ഫോണിൽ വിളിച്ച് കിട്ടാതായതോടെ ഓഫീസിലെത്തിയ പ്രവർത്തകരാണ് അസിസ്റ്റൻറിനെ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. ഉടൻ മന്ത്രിയെ വിവരം അറിയച്ചതോടെ , മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അടിയന്തര അന്വേഷണത്തിന് ഡിജിപിക്ക് നിർദേശം നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരുപ്പൂർ കോയമ്പത്തൂർ പൊലീസിൻറെ അന്വേഷണം. കോയമ്പത്തൂർ അതിർത്തി പ്രദേശത്തെ താവളത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി. 

താവളം പൊലീസ് വളഞ്ഞതോടെ സാഹസികമായി പിഎയെയും കൊണ്ട് സംഘം രക്ഷപ്പെട്ടു. പൊലീസ് പിന്തുടരാൻ തുടങ്ങിയതോടെ തിരുപ്പൂരിലെ ആളൊഴിഞ്ഞ പ്രദേശത്ത് കർണനെ ഉപേക്ഷിക്കുകയായിരുന്നു. സംഘത്തെ പിന്തുടർന്ന പൊലീസ് നാല് പേരെയും പിടികൂടി. ഒന്നും എഴുതാത്ത മുദ്ര പേപ്പറിൽ ഒപ്പിട്ട് വാങ്ങിച്ച ശേഷമാണ് തന്നെ മോചിതനാക്കിയതെന്ന് കർണൻ പൊലീസിനെ അറിയിച്ചു. തട്ടികൊണ്ടു പോകലിൻറെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത കൈവരൂ എന്നും പൊലീസ് അറിയിച്ചു.

click me!