
പള്ളിക്കത്തോട്: ചെത്തു പനയിൽ കയറി കള്ള് മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം നെല്ലിക്കുന്ന് ഭാഗത്ത് തവളപ്ലാക്കൽ വീട്ടിൽ സോമൻ റ്റി ആർ (56) എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാരാംകുഴി ഭാഗത്തുള്ള തങ്കച്ചൻ എന്നയാളുടെ വീട്ടുവളപ്പിൽ നിന്നിരുന്ന ചെത്തു പനയിൽ നിന്ന് മാസങ്ങളോളമായി കള്ള് മോഷ്ടിച്ചു വരികയായിരുന്നു. കള്ള് നഷ്ടമാകുന്നുവെന്ന് സംശയം തോന്നിയ ഉടമ പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് നിരന്തരം കള്ള് മോഷ്ടിച്ചിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളും സുഹൃത്തും ചേർന്ന് കുറെ മാസങ്ങളായി പനയിൽ നിന്ന് രാത്രിയിൽ എത്തി കള്ള് മോഷ്ടിച്ച് വരികയായിരുന്നു. ഇത്തരത്തിൽ ഇവർ 23,000 ത്തോളം രൂപ വില വരുന്ന 650 ലിറ്ററോളം കള്ള് മോഷ്ടിച്ചതായും പൊലീസ് കണ്ടെത്തി. കൂട്ടൂപ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്ഐ മാത്യു പി ജോൺ, എഎസ്ഐമാരായ റെജി ജോൺ, ജയരാജ്, സിപിഒ പ്രതാപചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അതേസമയം, കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റിലായി. കോന്നി തണ്ണിത്തോട് അജി ഭവനത്തില്‍ അഖിലി (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ നിത്യപൂജ നടത്തുന്ന നിലവിളക്ക്, കിണ്ടി, ഉരുളി ഉള്‍പ്പടെയുള്ള പാത്രങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. ചാലക്കല്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ജില്ലയില്‍ രണ്ട് കേസിലെ പ്രതിയാണ് അഖിലെന്നും പൊലീസ് അറിയിച്ചു. എസ് എച്ച് ഒ എം എം മഞ്ജു ദാസ്, എസ്ഐ എസ് എസ് ശ്രീലാല്‍, സിപിഒ എ എ അന്‍സാര്‍ തുടങ്ങിയവരാണ് അമ്പേഷണ സംഘത്തിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam