
ചെന്നൈ : തമിഴ്നാട് ദിണ്ടിഗൽ ജില്ലയിലെ നത്തത്ത് യുവാവും വീട്ടമ്മയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വൻ അക്രമം. മാരകായുധങ്ങളുമായി സംഘം ചേർന്നുള്ള ആക്രമണത്തിൽ പതിനഞ്ചിലേറെ പേർക്ക് പരിക്കേറ്റു. അരിവാൾ കൊണ്ട് വെട്ടേറ്റ സ്ത്രീകളടക്കമുള്ളവർ ചികിത്സയിലാണ്.
ദിണ്ടിഗൽ നത്തം പ്രദേശത്തുള്ള യുവാവും വീട്ടമ്മയും തമ്മിലുള്ള സൗഹൃദം പുറത്തറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബന്ധത്തിൽ നിന്ന് പിന്മാറിയ യുവാവിനെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച് വീട്ടമ്മ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ രണ്ടുപേരുടേയും വീട്ടുകാർ നത്തം പൊലീസിന്‍റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രശ്നം അവിടെ ഒത്തുതീരാതെ യുവാവ് മധുരയിലുള്ള ബന്ധുക്കളിൽ ചിലരെ വിളിച്ചുവരുത്തി. മധുരയിൽ നിന്നെത്തിയവർ പ്രശ്നത്തിലുൾപ്പെട്ട സ്ത്രീയുടെ വീട്ടിലെത്തി. അവിടെ ഉണ്ടായിരുന്ന സ്ത്രീയുടെ വീട്ടുകാരും യുവാവിന്‍റെ ബന്ധുക്കളും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തിൽ കലാശിക്കുകയായിരുന്നു.
അരിവാളും ഇരുമ്പുവടിയും ഉൾപ്പെടെ മാരകായുധങ്ങളുമായി ഇരുവിഭാഗവും ഏറ്റുമുട്ടി. ഇരുഭാഗത്തുമായി പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റു. 9 പേരെ മധുര സർക്കാർ ആശുപത്രിയിലും മറ്റുള്ളവരെ ദിണ്ടിഗൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രായമുള്ള സ്ത്രീകളടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇരു വിഭാഗവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നത്തം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam