
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലുവിന്‍റെ മൃതശരീരത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു. മൃതശരീരം കണ്ടെത്തി നാല് മണിക്കൂറിന് ശേഷവും സംഭവസ്ഥലത്തുനിന്ന് മാറ്റിയില്ല. ഫോറൻസിക് ഉദ്യോഗസ്ഥർ എത്തിയില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിൽ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം. അതുകൊണ്ടു തന്ന ഇത്തരം ഒരു സംഭവം ആളുകളുടെ ശ്രദ്ധയിൽ പെട്ടതും വൈകിയാണ്. ട്രാൻസ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയാണിത്. ട്രാൻസ്ജെന്‍ഡര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്.
ആരോ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാൻസ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണിൽ വിളിച്ചിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. കോഴിക്കോട്ടേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസിലിരുന്നാണ് ഫോൺ സംഭാഷണം നടത്തിയത്. സിസിലി തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞതും സംഭവ സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞതും.
മൈസൂര്‍ സ്വദേശിയെങ്കിലും ഇവര്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നിൽക്കുന്നത് കണ്ടവരുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളള്‍ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. നടക്കാവ് സിഐയുടെ നേതൃത്വത്തിലാണ് യുവതിയുടെ ദുരൂഹമരണത്തിൽ അന്വേഷണം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam