
പനാജി: ബിജെപി നേതാവും ടിവി താരവുമായ സോണാലി ഫോഗാട്ടിന്‍റെ മരണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോണാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സുധീർ സാങ്‌വാൻ, ഇവര്‍ക്കൊപ്പം ഗോവയിലേക്ക് പോയ സുഹൃത്ത് സുഖ്‌വീന്ദർ വാസി എന്നിവർക്കെതിരെയാണ് ഗോവ പൊലീസ് കേസെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സോണാലി ഫോഗാട്ടിന്‍റെ ശരീരത്തിൽ ഒന്നിലധികം ചതവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. "ബ്ലന്റ് ഫോഴ്‌സ് ട്രോമ" എന്നാണ് മുറിവുകളെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ശരീരത്തിൽ ഒന്നിലധികം മൂർച്ചയുള്ള മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്..
റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സോണാലിയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ് എന്നാണ് ഫോറന്‍സിക് നിര്‍ദേശമായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മരണകാരണങ്ങളൊന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ആന്തരിക അവയവങ്ങളുടെ കെമിക്കൽ അനാലിസിസ് ഉൾപ്പെടെയുള്ള നിരവധി പരിശോധന ഫലങ്ങള്‍ പുറത്തുവരാനുണ്ട്. ഇതോടെയാണ് ഗോവ പൊലീസ് കൊലപാതകത്തിന് കേസ് എടുത്തത്.
അതേ സമയം സോണാലിയുടെ കുടുംബം ആരോപണങ്ങള്‍ കടുപ്പിക്കുകയാണ്. പൊലീസ് കേസെടുത്ത സുധീർ സാങ്‌വാൻ നേരത്തേ സോണാലിയെ ബലാത്സംഗം ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു. സോണാലി ഫോഗട്ട് തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെതിരെ അമ്മയോട് പരാതിപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു. "സംഗ്‌വാൻ തനിക്ക് ലഹരി കലർത്തിയ ഭക്ഷണം നൽകുകയും ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് അവൾ പറഞ്ഞു," സൊണാലിയുടെ സഹോദരൻ റിങ്കു ധാക്ക പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് സുധീർ സാംഗ്വാൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള 42 കാരിയായ ബി.ജെ.പി നേതാവ് ചൊവ്വാഴ്ചയാണ് ഒരു സംഘത്തോടൊപ്പം ഗോവയിലെത്തിയത്. പിന്നീട് അഞ്ജുനയിലെ സെന്റ് ആന്റണി ഹോസ്പിറ്റലിൽ ഇവരെ കുഴഞ്ഞുവീണ നിലയില്‍ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. തുടക്കത്തിൽ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ സോണാലിയുടെ കുടുംബം ഇത് തള്ളിക്കളഞ്ഞ് രംഗത്ത് എത്തി. പൂര്‍ണ്ണ ആരോഗ്യവതിയായിരുന്നു സൊണാലിയെന്നും, ഒറ്റരാത്രികൊണ്ട് അവളുടെ മരണത്തിന് കാരണമാകുന്ന ഒരു അവസ്ഥയും ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അവൾ അമ്മയോടും സഹോദരിയോടും അടക്കം സൊണാലി ടെലിഫോണിൽ സംസാരിച്ചിരുന്നു.
Read More : ബിജെപി നേതാവും ടിവി താരവുമായ സോനാലി ഫോഗട്ടിന്‍റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം
സോണാലി ഫോഗട്ടിന് ഹൃദയാഘാതമുണ്ടെന്ന് തങ്ങളോട് പറഞ്ഞത് സുധീറാണെന്ന് അവരുടെ സഹോദരൻ വതൻ ഫോഗട്ട് പറഞ്ഞു. "സുധീർ തലേദിവസം രാത്രി അവൾക്ക് സുഖമില്ലായിരുന്നുവെന്ന് പറഞ്ഞത് പലപ്പോഴും മാറ്റി പറഞ്ഞുകൊണ്ടിരുന്നു. ഇത് സംശയമുണ്ടാക്കിയിരുന്നു," വതൻ ഫോഗട്ട് കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് സംഭവത്തില്‍ പൊലീസ് നടപടികള്‍ വൈകിയതെന്ന ചോദ്യത്തിന്, ഞങ്ങൾക്ക് ഒരു കാര്യവും അറിയില്ല. ആദ്യം എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും അതിനുശേഷം പോസ്റ്റ്‌മോർട്ടം ചെയ്യാമെന്നും ഞങ്ങൾ പറഞ്ഞു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമാണ് ഗോവന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചതെന്ന് വതൻ ഫോഗട്ട് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam