ലഹരിയുടെ 'തലസ്ഥാനം': ബാലരാമപുരത്ത് 203 കിലോ കഞ്ചാവ് പിടികൂടി

By Web TeamFirst Published Sep 23, 2020, 12:01 AM IST
Highlights

രണ്ട് കാറു നിറയെ കഞ്ചാവ്.ബാലരാമപുരത്തിനടുത്ത് ഇന്നലെ രാത്രി എട്ടരയോടെയാണ് കഞ്ചാവ് നിറച്ച ഈ കാറുകള്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കണ്ടെത്തിയത്. 

തിരുവനന്തപുരം: ലഹരിയുടെ തലസ്ഥാനമായി തിരുവനന്തപുരം. വില്‍പ്പനയ്ക്കായി ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച ഇരുന്നൂറ്റി മൂന്നു കിലോ കഞ്ചാവ് എക്സൈസ് സംഘം ബാലരാമപുരത്ത് പിടികൂടി. എക്സൈസ് സംഘത്തെ വണ്ടിയിടിച്ച് അപായപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച നാലംഗ ലഹരികടത്തു സംഘത്തിലെ മൂന്നു പേരും അറസ്റ്റിലായി.

രണ്ട് കാറു നിറയെ കഞ്ചാവ്.ബാലരാമപുരത്തിനടുത്ത് ഇന്നലെ രാത്രി എട്ടരയോടെയാണ് കഞ്ചാവ് നിറച്ച ഈ കാറുകള്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കണ്ടെത്തിയത്. വാഹനം തടയാനെത്തിയ എക്സൈസ് സംഘത്തിന്‍റെ വണ്ടി ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാനും ശ്രമിച്ചു കഞ്ചാവ് വണ്ടികളിലുണ്ടായിരുന്ന നാലംഗ സംഘം. തിരുവനന്തപുരം സ്വദേശികളായ സുരേഷ്,ജോമിത്ത് എന്നിവരെ സംഭവ സ്ഥലത്തു വച്ചു തന്നെ എക്സൈസ് കീഴടക്കി. ഒപ്പമുണ്ടായിരുന്ന വിപിന്‍രാജും,ലിബിനും ഓടിരക്ഷപ്പെട്ടു. വിപിന്‍രാജിനെ പിന്നീട് ബാലരാമപുരം പൊലീസ് പിടികൂടി. ലിബിനായി അന്വേഷണം തുടരുകയാണ്.

സംഘത്തിന്‍റെ നേതാവായ സുരേഷ് രണ്ട് കൊലക്കേസുകളിലും പ്രതിയാണ്. നഗരത്തില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ജോമിത്താണ് കഞ്ചാവ് കടത്തിന് വാഹനങ്ങള്‍ സജ്ജമാക്കിയതെന്നും വ്യക്തമായിട്ടുമുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് കണ്ടയ്നര്‍ ലോറിയില്‍ അഞ്ഞൂറു കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവവുമായി ഈ കേസിലെ പ്രതികള്‍ക്ക് ബന്ധമില്ലെന്ന വിലയിരുത്തലിലാണ് എക്സൈസ്.

click me!