പാലക്കാട് ജില്ലയിലെ പ്രധാന കഞ്ചാവ് വ്യാപാരികളെ പിടികൂടി പൊലീസ്

By Web TeamFirst Published Nov 18, 2022, 11:42 PM IST
Highlights

രഹസ്യവിവരത്തെ തുടർന്ന് ചന്ദ്രനഗർ കൂട്ടുപാതയിൽ പൊലീസ് പരിശോധന നടത്തുമ്പോൾ ഇവർ ഇവിടെ എത്തുകയും പൊലീസിനെ കണ്ട ഉടനെ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.

പാലക്കാട്:  ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുക്കുന്ന വൻകിട കഞ്ചാവ് വിൽപനക്കാർ പൊലീസിൻ്റെ പിടിയിൽ. പാലക്കാട് കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ മണിമാരൻ മകൻ സനോജ് (വയസ്സ് 26), അശോകൻ മകൻ അജിത് (വയസ്സ് 25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് ചന്ദ്രനഗർ കൂട്ടുപാതയിൽ പൊലീസ് പരിശോധന നടത്തുമ്പോൾ ഇവർ ഇവിടെ എത്തുകയും പൊലീസിനെ കണ്ട ഉടനെ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. അതിവേഗം പൊലീസിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഘത്തിൻ്റെ കൈയിൽ നിന്നും നാല് കിലോ കഞ്ചാവും മൊബൈൽ ഫോണും നഷ്ടമായിരുന്നു. ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും പൊലീസിൽ നിന്നും സംഘം രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് സംഘം ഇവരെ പിടികൂടി.  പാലക്കാട് നഗരത്തിൽ വർഷങ്ങളായി പോലീസിനേയും എക്സൈസിനേയും കബളിപ്പിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നവരാണ് സനോജും അജിത്തും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ കഞ്ചാവ് കടത്തും വിൽപനയും നടത്തുന്നതായി പ്രതികൾ സമ്മതിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുമാണ് കഞ്ചാവ് മൊത്തവിലയ്ക്ക് വാങ്ങി ശേഖരിക്കുന്നത്. ഇതു പിന്നീട് പല അളവുകളിൽ പാലക്കാട് എത്തിച്ച് വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. കഞ്ചാവ് കടത്തിൽ ഇവർക്ക് മറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. തിരക്കുള്ള സ്ഥലങ്ങളാണ് പ്രതികൾ കഞ്ചാവ് കച്ചവടത്തിനായി  തിരഞ്ഞെടുക്കുന്നത്. ലോക്ക് ഡൗൺ വന്നതിന് ശേഷം നിരവധി യുവാക്കളാണ് ലഹരി വസ്തു വിൽപ്പനയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ വിൽപ്പന നടത്തുന്നവരെ പറ്റി കൂടുതൽ വിവരം ലഭിച്ചിട്ടുണ്ടെന്നും. വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. 

പാലക്കാട് ജില്ലാ പോലീസ് മേധാവി R വിശ്വാനാഥിന്റെ നിർദ്ദേശാനുസരണം പാലക്കാട് ASP  A ഷാഹുൽ ഹമീദിന്റെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ രാജീവ് NS , എസ്.ഐമാരായ അനീഷ് S, ജഗ്മോഹൻ ദത്ത, രംഗനാഥൻ A, ASI മാരായ ഷാഹുൽ ഹമീദ്, രമേഷ്, SCPO മാരായ ശിവാനന്ദൻ, R രാജീദ്, മാർട്ടിൻ, CPO മാരായ ജയപ്രകാശ്, ബാലചന്ദ്രൻ, അശോകൻ, ഷിജു, ബിജു, ഹോം ഗാർഡ് വേണുഗോപാൽ എന്നിവരാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി

click me!