ട്രെയിനില്‍ നിന്ന് ലഹരിയുമായി ചാടിയിറങ്ങി ഓടി; രണ്ടര കിലോയിലധികം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയില്‍

By Web TeamFirst Published Oct 5, 2022, 5:59 PM IST
Highlights

കൊച്ചി പനങ്ങാട് സ്വദേശികളായ സുജിലും അൻസലും ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികളാണ്. നാര്‍ക്കോട്ടിക്സും പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവരെ പിടികൂടിയത്.

കൊച്ചി: കൊച്ചിയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിൽ നിന്ന് എത്തിച്ച രണ്ടര കിലോയിലധികം ഹാഷിഷ് ഓയിലുമായാണ് പനങ്ങാട് സ്വദേശികൾ പൊലീസിന്‍റെ പിടിയിലായത്. നാര്‍ക്കോട്ടിക്സും പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവരെ പിടികൂടിയത്.

കൊച്ചി പനങ്ങാട് സ്വദേശികളായ സുജിലും അൻസലും ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികളാണ്. കിട്ടിയ രഹസ്യവിവരത്തിന്‍റെ ഉറപ്പിൽ കൊച്ചി നോർത്ത് പൊലീസ് ജാഗ്രതയിലായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇരുവരും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. എട്ട് ദിവസം മുൻപാണ് ഇവർ ആന്ധ്രപ്രദേശിലേക്ക് പോയത്. വിശാഖപ്പട്ടണത്ത് നിന്ന് 120 കിലോ മീറ്റർ ദൂരെ അറക്കുവാലിയിൽ നിന്ന് 2.65 കിലോ ഹാഷിഷ് ഓയിൽ ശേഖരിച്ച് വീണ്ടും നാട്ടിലേക്ക് മടങ്ങി. ഉച്ചയോടെ ഇവരുണ്ടായിരുന്ന ധൻബാദ് എക്സ്പ്രസ്സ് നോർത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ വേഗം കുറച്ച സമയത്ത്, ലഹരിയുമായി ഇരുവരും ചാടിയിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടുന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയും പരിശോധനകൾ നഗരത്തിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. 

Also Read : 1476 കോടിയുടെ മയക്കുമരുന്ന് കടത്ത്: വിജിന്റെ എറണാകുളത്തെ സ്ഥാപനത്തിൽ പരിശോധന, സഹോദരനെയടക്കം ചോദ്യംചെയ്തു

അതിനിടെ, തൃശൂരില്‍ മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂരിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ സത്യന് നേരെയാണ് ആക്രമണം ഉണ്ടായത്. മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് ആക്രമിച്ചത്. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്നാണ് വിവരം. പരിക്കേറ്റ സത്യനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാനുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ കസ്റ്റഡിയിൽ എടുത്തു. 

click me!