
പാലക്കാട്: ഉംറ തീർത്ഥാടനത്തിന്‍റെ പേരിൽ ട്രാവൽ ഏജന്റ് ലക്ഷങ്ങൾ തട്ടി മുങ്ങിയതായി പരാതി. പാലക്കാട്ടെ ഗ്ലോബൽ ട്രാവൽസ് ഉടമ അക്ബർ അലിക്കെതിരെയാണ് തട്ടിപ്പിനിരയായവർ പണം നഷ്ടപ്പെട്ടവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഉംറ തീർത്ഥാടനത്തിനായി ഇവരോരുത്തരും 50000 മുതൽ ലക്ഷങ്ങൾ വരെ നൽകി കാത്തിരിക്കുകയായിരുന്നു. പാസ്പോർട്ട് ഉൾപ്പെടെയുളള രേഖകളും ട്രാവൽഏജൻസിക്ക് നൽകി. എന്നാൽ, പോകേണ്ട തീയ്യതിയെക്കുറിച്ചോ, യാത്രയുടെ വിശദാംശങ്ങളെക്കുറിച്ചോ ഒരറിയിപ്പും കിട്ടിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വഞ്ചിക്കപ്പെട്ടതായി ഇവർ മനസ്സിലാക്കുന്നത്. പാലക്കാട്ട് മാത്രം 45 പേരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. പാലക്കാട് മഞ്ഞക്കുളത്തുളള ഏജൻസിയുടെ ഓഫീസിലെത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു. അക്ബർ അലിയെ ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. പൊലീസിൽ പരാതിനൽകിയിട്ടും ഇയാളെ കണ്ടുപിടിക്കുന്നതിൽ മെല്ലെപ്പോക്കെന്നാണിവരുടെ ആരോപണം.
പാലക്കാട് സൗത്ത് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന കുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. പൊലീസിടപെട്ട് ഇവരുടെ പാസ്പോർട്ടും രേഖകളും ഓഫീസ് തുറന്ന് കണ്ടെടുത്ത് നൽകി. അക്ബർ അലിയുടെ ട്രാവൽ ഏജൻസി വഴി ഉംറക്ക് പോയവർ മക്കയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഇവരെ തിരിച്ചെത്തിക്കാൻ ബന്ധുക്കൾ വിദേശകാര്യമന്ത്രാലത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാട്ടുമുളളവരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. മണ്ണാർക്കാട് സ്വദേശിയാ അക്ബർ അലി നാടുവിട്ടെന്നാണ് സൂചനയെന്നും ഇയാൾക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam