ഉത്തര്‍ പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

By Web TeamFirst Published Aug 11, 2020, 3:42 PM IST
Highlights

അക്രമി നിരവധി തവണയാണ് സഞ്ജയ് ഖോക്കറിന് നേരെ വെടിയുതിര്‍ത്തിട്ടുള്ളത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിന് സമീപത്തെ കരിമ്പ് പാടത്ത് നടക്കാനിറങ്ങിയതായിരുന്നു സഞ്ജയ് ഖോക്കര്‍.
 

ബാഗ്പാത്(ഉത്തര്‍ പ്രദേശ്): പ്രഭാത സവാരിക്കിടെ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശില്‍ ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റായിരുന്ന സഞ്ജയ് ഖോക്കറാണ് വെടിയറ്റ് മരിച്ചത്. പശ്ചിമ യുപിയിലെ ബാഗ്പാത് ഗ്രാമത്തിലുള്ള വീടിന് സമീപത്തെ പാടത്താണ് സഞ്ജയ് ഖോക്കറിനെ വെടിയേറ്റ നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. 

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 24 മണിക്കൂറിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. അക്രമി നിരവധി തവണയാണ് സഞ്ജയ് ഖോക്കറിന് നേരെ വെടിയുതിര്‍ത്തിട്ടുള്ളത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിന് സമീപത്തെ കരിമ്പ് പാടത്ത് നടക്കാനിറങ്ങിയതായിരുന്നു സഞ്ജയ് ഖോക്കര്‍.

സംഭവത്തില്‍ മൂന്നുപേരെ സംശയിക്കുന്നതായി പൊലീസ് വിശദമാക്കിയതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിലാണെന്നും ഖോക്കറുമായി ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്നതും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഖോക്കര്‍ വെടിയേറ്റതിന് ഇതുവരെയും ദൃക്സാക്ഷികളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം രാഷ്ട്രീയ ലോക്ദള്‍ നേതാവ് ദേശ്പാല്‍ ഖോക്കറും വെടിയേറ്റ് മരിച്ചിരുന്നു. 
 

click me!