
ന്യൂയോർക്ക്: കടുത്ത വംശീയവാദത്തിന്റെ പേരിൽ 10 കറുത്ത വർഗക്കാരെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വേണമെന്ന് ആവശ്യവുമായി യു എസ് പ്രോസിക്യൂട്ടർമാർ. ന്യൂയോർക്കിലെ ബഫല്ലോയിലെ ഒരു ഗ്രോസറി സ്റ്റോറിൽ 2022ലാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഇത് ആദ്യമായാണ് ബൈഡന്‍ അനുകൂലികളായ ഭരണകൂടം ഒരാൾക്ക് വധശിക്ഷ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത്.
വെള്ളിയാഴ്ച പൂർത്തിയായ കോടതി നടപടിക്രമങ്ങളിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പെയ്റ്റൻ ഗെന്‍ഡ്രോൻ എന്ന യുവാവിനെതിരെ വധശിക്ഷ ആവശ്യപ്പെട്ടത്. 24 വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്. ആക്രമണ സമയത്ത് 18 പൂർത്തിയായ പെയ്റ്റനെതിരെ തീവ്രവാദം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തോക്കുമായെത്തിയ യുവാവ് കടയിലുണ്ടായിരുന്ന കറുത്ത വർഗത്തിലുള്ളവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.
നിലവിൽ പരോൾ ഇല്ലാതെ ജീവപരന്ത്യം ശിക്ഷ അനുഭവിക്കുന്ന യുവാവ് കുറ്റസമ്മതം നടത്തിയിരുന്നു. ന്യൂയോർക്കിൽ വധശിക്ഷ നൽകുന്ന രീതിയില്ല. ഇതിനെ മറികടന്നാണ് പ്രോസിക്യൂട്ടർമാരുടെ നീക്കം. സ്വന്തം വീട്ടിൽ നിന്ന് 320 കിലോമീറ്റർ ദൂരം വാഹനം ഓടിച്ചെത്തിയായിരുന്നു യുവാവിന്റെ ആക്രമണം. ഹെൽമറ്റിൽ വച്ച ക്യാമറയിലൂടെ ആക്രമണ ദൃശ്യങ്ങൾ ലൈവായും സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു യുവാവ്.
പരമാവധി കറുത്ത വർഗക്കാരെ വധിക്കണമെന്ന ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണമെന്ന് കോടതി നേരത്തെ വിശദമാക്കിയിരുന്നു. 32 മുതൽ 86 വയസ് വരെ പ്രായമുള്ളവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. അമേരിക്കയിൽ ജോ ബെഡന്‍ അധികാരത്തിലേറിയതിന് പിന്നാലെ കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നിരിക്കെയാണ് ബഫല്ലോയിലെ സൂപ്പർമാർക്കറ്റിലെ അക്രമിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യത്തിന് പ്രാധാന്യമേറുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam