ഭഗവത് ഗീത വായിച്ചതിന് മുസ്ലിം മതവിശ്വാസിക്ക് മർദ്ദനം; പൊലീസ് കേസെടുത്തു

By Web TeamFirst Published Jul 5, 2019, 4:49 PM IST
Highlights

താനൊരു മുസ്ലിമാണെന്നും തന്റെ മതം മറ്റ് മതങ്ങളിലെ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ നിന്ന് തന്നെ വിലക്കുന്നില്ലെന്നും ദിൽഷർ

ആഗ്ര: ഭഗവത് ഗീത വായിച്ചതിന് ഉത്തർപ്രദേശിലെ അലിഗഡിൽ മുസ്ലിം മതവിശ്വാസിയായ ദിൽഷറിനെ(55) രണ്ട് മുസ്ലിം യുവാക്കൾ ചേർന്ന് മർദ്ദിച്ചു. അലിഗഡിലെ ഷഹജ്‌മഹലിലെ വീട്ടിൽ എത്തിയായിരുന്നു ആക്രമണം. 

ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഭഗവത് ഗീത വായിക്കുമ്പോഴായിരുന്നു ആക്രമണം. പ്രദേശത്തെ ഫാക്ടറിയിൽ സെക്യുരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ദിൽഷർ നൽകിയ പരാതിയിൽ സമീർ, സാക്കിർ എന്നീ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മറ്റ് ചിലരും അക്രമിസംഘത്തിലുണ്ടായിരുന്നുവെന്നാണ് മൊഴി. ഇവർ ദിൽഷറിന്റെ വീട്ടിൽ നിന്നും രാമായണവും ഗീതയും എടുത്തുകൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ 38 വർഷമായി താൻ ഈ ഗ്രന്ഥങ്ങൾ വായിക്കുന്നുണ്ടെന്നാണ് ദിൽഷറിന്റെ മൊഴി. താനൊരു മുസ്ലിമാണെന്നും തന്റെ മതം മറ്റ് മതങ്ങളിലെ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ നിന്ന് തന്നെ വിലക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾക്കെതിരെ അലിഗഡ് ദില്ലി ഗേറ്റ് പൊലീസ് കേസെടുത്തു. ഐപിസി 298, 323, 452, 504, 506 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


 

click me!