നാലരക്ഷത്തിലധികം രൂപ തട്ടിയ വടകര എടിഎം തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ

By Web TeamFirst Published Apr 1, 2021, 12:53 AM IST
Highlights

എടിഎം കാർഡുകളിലെ ചിപ്പുകളിലെ വിവരങ്ങൾ ഹാക്ക് ചെയ്ത് ഈ വിവരങ്ങൾ ഉത്തരേന്ത്യയിലെ ഒരു സംഘത്തിന് അയച്ചുകൊടുത്താണ് പ്രതികൾ വ്യാജ എടിഎം കാർഡുകളുണ്ടാക്കിയത്.

കോഴിക്കോട്: വടകരയില്‍ ഉടമകൾ അറിയാതെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വില്യാപ്പള്ളി സ്വദേശി ജുബൈർ, കായക്കൊടി സ്വദേശി ഷിബിൻ എന്നിവരാണ് അറസ്റ്റിലായത്. വടകര സ്റ്റേഷൻ പരിധിയിൽ ലഭിച്ച 30 പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

വടകര സ്റ്റേഷൻ പരിധിയിൽ നിന്ന് നാലരക്ഷത്തിലധികം രൂപയാണ് വ്യാജ എടിഎം കാർഡുകൾ ഉപയോഗിച്ച് പ്രതികൾ തട്ടിയെടുത്തത്. എടിഎം കാർഡുകളിലെ ചിപ്പുകളിലെ വിവരങ്ങൾ ഹാക്ക് ചെയ്ത് ഈ വിവരങ്ങൾ ഉത്തരേന്ത്യയിലെ ഒരു സംഘത്തിന് അയച്ചുകൊടുത്താണ് പ്രതികൾ വ്യാജ എടിഎം കാർഡുകളുണ്ടാക്കിയത്.

ഈ കാർഡുകൾ ഉപയോഗിച്ച് വിവിധ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു. പിൻവലിച്ച പണത്തിന്‍റെ വിഹിതം ഗൂഗിൾ പേ വഴിയാണ് പ്രതികൾ പങ്കുവെച്ചത്. ബിടെക് ബിരുദധാരികളായ പ്രതികൾ വടകരയിൽ നടത്തിയിരുന്ന സ്വകാര്യ ഓൺലൈൻ സ്ഥാപനത്തിൽ നിന്നാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

പ്രതികൾ എടിഎം തട്ടിപ്പ് നടത്തുന്നതിനായി വിവിധ ഉപകരണങ്ങൾ സോഫ്റ്റ്‍വെയറുകളും വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉപകരണങ്ങളും സോഫ്റ്റുവെയറുകളും നൽകിയവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.

click me!