
കോഴിക്കോട്: വടകര കുട്ടോത്ത് കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് ആര്‍ടിഒ.
ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. ഡ്രൈവര്‍ ലിനേഷ് വി.പി, കണ്ടക്ടര്‍ ശ്രീജിത്ത് പി.ടി എന്നിവരുടെ ലൈസന്‍സ് ആണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
ഇവരെ എടപ്പാളിലെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശീലനത്തിന് അയക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു. മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലും ഇരുവരും കുറ്റക്കാരാണെന്ന് എന്‍ഫോസ്‌മെന്റ് ആര്‍ടിഒ ഹിയറിംഗില്‍ വ്യക്തമായതിനെ തുടര്‍ന്നുമാണ് നടപടി.
ഇതിനിടെ, കോഴിക്കോട് ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ചെന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. പാലേരി ചെറിയകുമ്പളം എടവലത്ത് മുഹമ്മദ് ഇജാസ് ആണ് അറസ്റ്റിലായത്. ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി ബിബിന്‍ ലാലിനെ മര്‍ദ്ദിച്ചെന്ന കേസിലാണ് മുഹമ്മദ് ഇജാസിന്റെ അറസ്റ്റ്. അക്രമത്തില്‍ മൂക്കിന്റെ പാലത്തിനും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ ബിബിന്‍ ലാല്‍ ചികിത്സയിലാണ്.
കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പുറത്ത് വന്ന ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇജാസിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കണ്ടക്ടര്‍ അടക്കമുള്ള രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സംഭവസമയത്ത് ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam