വരാപ്പുഴ കസ്റ്റഡിക്കൊല: കുറ്റപത്രം തയ്യാർ, എസ്ഐക്ക് എതിരെ കൊലക്കുറ്റം, എ വി ജോർജ് സാക്ഷി

By Web TeamFirst Published Dec 11, 2019, 11:47 AM IST
Highlights

2018 ഏപ്രിൽ 9-ന് എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കസ്റ്റഡിക്കൊലകളിൽ ഏറ്റവുമധികം കോളിളക്കമുണ്ടാക്കിയ കേസായിരുന്നു ഇത്. 

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിന്‍റെ കുറ്റപത്രം ക്രൈംബ്രാ‌ഞ്ച് നാളെ സമർപ്പിക്കും.  എസ് ഐ ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആരോപണവിധേയനായ ഡിഐജി എ വി ജോർജ് കേസിൽ സാക്ഷിയാണ്.

2018 ഏപ്രിൽ 9-ന് എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ആകെ 9 പ്രതികളുളള കുറ്റപത്രത്തിൽ റൂറൽ ടാസ്ക് ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ് ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് നാലാം പ്രതിയും വടക്കൻ പറവൂർ സിഐയായിരുന്ന ക്രിസ്പിൻ സാം അഞ്ചാം പ്രതിയുമാണ്.

Latest Videos

വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികൾ. ആളുമാറി ശ്രീജിത്തിനെ കസ്റ്റ‍ഡിയിലെടുത്തപ്പോൾ ആർ ടി എഫ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്നും പിന്നീട് സ്റ്റേഷനിൽ വെച്ച് എസ് ഐ ദീപക്കിന്‍റെ മർദനത്തിന് ഇരയായെന്നും അന്തിമ റിപ്പോർട്ടിലുണ്ട്. ഈ രണ്ട് മർദ്ദനങ്ങളും ആന്തരിക രക്തസാവമുണ്ടാക്കുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്തു. ഇത് തെളിയിക്കുന്ന ശാസത്രീയ രേഖകളും കുറ്റപത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. 

എസ് ഐ ദീപക്കിനും ആർ ടി എഫ് ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിൻ സാമിനെ പ്രതിചേർത്തിരിക്കുന്നത്. ആർ ടി എഫ് ഉദ്യോഗസ്ഥരെ വരാപ്പുഴയിലേക്കയച്ച മുൻ എസ് പി എ വി ജോർജ് സാക്ഷിയാണ്. സർക്കിൾ ഇൻസ്പെക്ടറുടെ നിർ‍ദേശപ്രകാരമാണ് ശ്രീജിത്തിനെ ആർ ടി എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടിലുളളത്. 

click me!