ചൂർണ്ണിക്കര വ്യാജരേഖാ വിവാദം; വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു

By Web TeamFirst Published May 11, 2019, 9:30 AM IST
Highlights

സർക്കാർ ജീവനക്കാരൻ അരുൺ തട്ടിപ്പിൽ പങ്കാളിയായെന്ന് പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ട സാഹചര്യത്തിലാണ് വിജിലൻസ് കേസെടുത്തത്.  അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ആയിരിക്കും ഇനി ചൂർണ്ണിക്കര വ്യാജരേഖാ കേസ് അന്വേഷിക്കുക.

കൊച്ചി: ചൂർണ്ണിക്കര വ്യാജരേഖാ കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ അരുണിന്‍റെ പങ്ക് വെളിവായ സാഹചര്യത്തിൽ പൊലീസിൽ നിന്നും അന്വേഷണം പൂർണ്ണമായി വിജിലന്‍സ് ഏറ്റെടുത്തേക്കും. പൊലീസ് കസ്റ്റഡിയിലുള്ള ലാൻഡ് റവന്യൂ ഉദ്യോഗസ്ഥൻ അരുണിനെ ഇന്ന് വിജിലൻസ് സംഘം ചോദ്യം ചെയ്യും.

ചൂർണ്ണിക്കര ഭൂമി വിവാദവുമായി ബന്ധപ്പെട്ട് പൊലീസിന്‍റേയും വിജിലൻസിന്‍റേയും അന്വേഷണങ്ങൾ ഇപ്പോൾ സമാന്തരമായി നടക്കുകയാണ്. ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭൂമി തരം മാറ്റാൻ വ്യാജരേഖ നിർമ്മിച്ച കാലടി സ്വദേശി അബു പിടിയിലാകുന്നത്. അബുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ ഓഫീസിലെ സെക്ഷൻ ഓഫീസറായ തിരുവനന്തപുരം ആര്യനാട് സ്വദേശി അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. വ്യാജരേഖയിൽ സർക്കാർ സീൽ പതിപ്പിച്ചത് അരുൺ ആണെന്നായിരുന്നു അബുവിന്‍റെ മൊഴി.

ഇപ്പോൾ പൊലീസ് അരുണിനെ ചോദ്യം ചെയ്തുവരുകയാണ്. സർക്കാർ ജീവനക്കാരൻ തട്ടിപ്പിൽ പങ്കാളിയായെന്ന് വെളിപ്പെട്ട സാഹചര്യത്തിലാണ് വിജിലൻസും കേസെടുത്തത്. വിജിലൻസ് ഇപ്പോൾ നടത്തുന്നത് പ്രാധമിക പരിശോധനയാണ്. അരുണിന്‍റെ പങ്ക് വെളിവായ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ആയിരിക്കും ഇനി ചൂർണ്ണിക്കര വ്യാജരേഖാ കേസ് അന്വേഷിക്കുക.

ഒരു രേഖ ഉണ്ടാക്കാൻ മാത്രം അബു എന്ന ഇടനിലക്കാരൻ ലാൻഡ് റവന്യൂ ഉദ്യോഗസ്ഥനായ അരുണുമായി ബന്ധം സ്ഥാപിക്കില്ലെന്നാണ് വിജിലൻസ് വൃത്തങ്ങൾ തരുന്ന സൂചന.  തട്ടിപ്പിന്‍റെ വ്യാപ്തി കൂടുതൽ വലുതാകാനുള്ള സാധ്യതകളിലേക്കും വിജിലൻസ് അന്വേഷണം നീളും. മുൻ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു അരുൺ. സ്വഭാവദൂഷ്യത്തെ തുടർന്ന് പേഴ്സണൽ സ്റ്റാഫിൽ നിന്ന് അരുണിനെ പുറത്താക്കിയിരുന്നു എന്നാണ് തിരുവഞ്ചൂർ നൽകുന്ന വിശദീകരണം.

click me!