'ബാലഭാസ്കറിന്‍റെ വണ്ടി ഇടിപ്പിച്ച് കൃത്രിമ അപകടമുണ്ടാക്കി' എന്ന് സോബി, സിബിഐ തെളിവെടുപ്പ്

By Web TeamFirst Published Aug 13, 2020, 12:11 PM IST
Highlights

അപകടം നടക്കും മുമ്പ് തന്നെ ബാലഭാസ്കറിന്‍റെ വാഹനത്തോട് സാമ്യമുള്ള വാഹനത്തിനു നേരെ ഒരു സംഘം ആളുകൾ അക്രമം നടത്തിയെന്നും വാഹനത്തിന്‍റെ മുൻ സീറ്റിൽ അവശ നിലയിൽ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബിയുടെ മൊഴി. 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി. കേസിലെ സാക്ഷിയായ കലാഭവൻ സോബിയുമായിട്ടാണ് തെളിവെടുപ്പ്. തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടം നടന്ന സ്ഥലത്ത് സംഘമെത്തി.

വയലിനിസ്റ്റ് ബാലഭാസ്ക്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തിന്‍റെ ദൃക്സാക്ഷി എന്നവകാശപ്പെടുന്നയാളാണ് കലാഭവൻ സോബി. അപകടം നടക്കും മുമ്പ് തന്നെ ബാലഭാസ്കറിന്റെ വാഹനത്തോട് സാമ്യമുള്ള വാഹനത്തിനു നേരെ ഒരു സംഘം ആളുകൾ അക്രമം നടത്തിയെന്നും വാഹനത്തിന്റെ മുൻ സീറ്റിൽ അവശ നിലയിൽ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബിയുടെ മൊഴി. 

അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോ മീറ്റർ അകലെയുള്ള പെട്രോൾ പമ്പിനു മുന്നിലായിരുന്നു ആക്രമണമെന്നും മൊഴിയുണ്ട്. ഈ മൊഴിയിലെ വസ്തുതാ പരിശോധനയാണ് സിബിഐ ഇന്ന് നടത്തുന്നത്.

ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിൻ്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. 

click me!