
കോട്ടയം: വിതുര പീഡന കേസിലെ ഒന്നാം പ്രതി കൊല്ലം കടക്കൽ സ്വദേശി ജുബൈന മൻസിലിൽ സുരേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷ വിധിക്കും. വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട 24 കേസുകളിൽ ഒന്നിലായിരുന്നു കോടതി ഇന്നലെ സുരേഷ് കുറ്റക്കാരനാണെന്ന വിധി പുറപ്പെടുവിച്ചത്. ബലാത്സംഗം ഒഴികെയുള്ള കേസാണ് കോടതി പരിഗണിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിക്കൽ, മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യൽ, അനാശാസ്യ പ്രവർത്തനം തുടങ്ങിയ വകുപ്പുകളിലാണ് സുരേഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്
ബലാത്സംഗ പ്രേരണ കുറ്റവും ചുമത്തിയിരുന്നു എങ്കിലും ഇത് നിലനിൽക്കില്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് സുരേഷിന്‍റെ ശിക്ഷ വിധിക്കുക. 1995 ൽ നടന്ന വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. ബലാത്സംഗം ഉൾപ്പെടെ 23 കേസുകളിൽ കൂടെ സുരേഷ് വിചാരണ നേരിടണം.
കേസിൽ പൊലീസ് പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽ പോയ സുരേഷിനെ 18 വർഷത്തിന് ശേഷം ഹൈദരാബാദിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 1995 ഒക്ടോബർ മുതൽ 1996 ജൂലൈ വരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ അവസരമൊരുക്കി എന്നതാണ് കേസ്. 2019 ഒക്ടോബര്‍ 19 മുതലാണ് കേസിൽ മൂന്നാംഘട്ട വിചാരണ ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam