അഞ്ച് വയസ് മുതൽ സൽമാനെതിരായ പകയും മനസിലേറ്റി ലോറൻസ് ബിഷ്ണോയി, ആസൂത്രണത്തിന് ജയിലും തടസമായില്ല

By Web TeamFirst Published Apr 15, 2024, 11:28 AM IST
Highlights

ഇന്നലെ നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ഇതിനോടകം ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തിൽ പൊലീസ് മൗനം തുടരുകയാണ്. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടി വയ്പ് നടന്ന സംഭവത്തിന് പിന്നാലെ വീണ്ടും ചർച്ചയായി ലോറൻസ് ബിഷ്ണോയി എന്ന മാഫിയാ തലവൻ. 1998ൽ കൃഷ്ണ മൃഗത്തെ കൊന്ന കേസിൽ സൽമാൻ ഖാൻ പ്രതിയായതിന് പിന്നാലെയാണ് ലോറൻസ് ബിഷ്ണോയി സൽമാൻ ഖാന് പിന്നാലെ കൂടുന്നത്. അടുത്തിടെ ലോറൻസ് ബിഷ്ണോയി - ഗോൾഡി ബ്രാർ സംഘത്തിന്റേതായി കുറഞ്ഞത് രണ്ട് വധ ഭീഷണിയെങ്കിലുമാണ് സൽമാൻ ഖാന് ലഭിച്ചിട്ടുള്ളതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

താർ മരുഭൂമിയിലാണ് ബിഷ്ണോയി വിഭാഗം താമസിക്കുന്നത്. തങ്ങളുടെ ആചാരങ്ങൾ അണുവിടെ തെറ്റാതെ പാലിക്കുന്ന ഇവർ പരിസ്ഥിതിയുടെ പോരാളികളെന്നാണ് വ്യാപകമായി വിളിക്കപ്പെടുന്നത്. ഈ വിഭാഗത്തിന്റെ വിശുദ്ധമൃഗമാണ് കാലാഹിരൺ എന്ന കൃഷ്ണമൃഗം.  ആന്റിലോപ്പ് വിഭാഗത്തിലുള്ള ഈ ചെറുമാനുകളേയാണ് സിനിമാ ചിത്രീകരണത്തിനായി എത്തിയ സൽമാൻ ഖാനും സംഘവും വേട്ടയാടിയത്.

ഗ്രാമവാസികൾ സൽമാൻ ഖാനെതിരെ മൊഴി നൽകിയതിന് പിന്നാലെ 2006ൽ കേസിൽ താരം കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തി. ഇരുപത്തയ്യായിരം രൂപ പിഴയും അഞ്ച് വർഷത്തെ തടവുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 2007ൽ ഈ വിധി രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. 2012ൽ കേസ് പുനപരിശോധിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ 2016ൽ താരത്തെ കുറ്റവിമുക്തനാക്കി. രാജസ്ഥാൻ സർക്കാരിന്റെ അപ്പീലിന് പിന്നാലെ കേസ് വീണ്ടും കോടതിയിലെത്തിയെങ്കിലും ഇത്തവണ അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു സൽമാന് ലഭിച്ചത്. 

1998ൽ വെറും അഞ്ച് വയസ് മാത്രം പ്രായമുണ്ടായിരുന്ന ലോറൻസ് ബിഷ്ണോയിക്ക്  ഗ്രാമവാസികൾ പറഞ്ഞ വിവരങ്ങളിൽ നിന്നാണ് സൽമാനെതിരായ പക ഉടലെടുക്കുന്നത്. പഞ്ചാബ് സർവ്വകലാശാലയിലെ പഠനകാലത്താണ് ഗോൾഡി ബ്രാറുമായി ലോറൻസ് ചങ്ങാത്തത്തിലാവുന്നത്. 2018ലാണ് ലോറൻസ് ബിഷ്ണോയി സംഘാംഗം സൽമാൻ ഖാനെതിരെ ആദ്യമായി വധശ്രമം നടത്തിയത്. ലോറൻസ് ബിഷ്ണോയി സംഘാംഗായ സാംപത് നെഹ്റ പൊലീസ് പിടിയിലായതോടെയാണ് ഈ ശ്രമം പാളിയത്.  

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ക്രിമിനൽ സംഘങ്ങളുമായി ചങ്ങാത്തം കൂടിയ ലോറൻസ് ഇതിനോടകം തന്നെ ജയിലിൽ ആയിരുന്നു. ജയിലിൽ നിന്നും സൽമാനെതിരായ നിരവധി വധശ്രമങ്ങൾ നടത്താൻ ലോറൻസിന് സാധിച്ചു. ഏറ്റവുമൊടുവിലായി ഇന്നലെ നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ഇതിനോടകം ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തിൽ പൊലീസ് മൗനം തുടരുകയാണ്. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികൾ മൂന്ന് റൗണ്ടാണ് വെടിയുതിർത്തത്. ചുവരിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ട പരിശോധിച്ചതിൽ വിദേശ നിർമ്മിത തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്. 

നിലവിൽ ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായുള്ള ലോറൻസ് ബിഷ്ണോയി ബന്ധത്തേക്കുറിച്ചുള്ള എൻഐഎ റിപ്പോർട്ടിന് പിന്നാലെ തിഹാർ ജയിലിലാണ് 31 വയസ് മാത്രം പ്രായമുള്ള ഈ മാഫിയാ തലവനുള്ളത്. എന്നാൽ ജയിലിനുള്ളിൽ നിന്ന് ലോറൻസ് തയ്യാറാക്കുന്ന പദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്ന 700ൽ അധികം ഷാർപ്പ് ഷൂട്ടർമാരാണ് ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ളത്. സ്വയം ഭഗത് സിംഗിന്റെ ആരാധകനായി വിശേഷിപ്പിക്കുന്ന ലോറൻസ് ബിഷ്ണോയിയുടെ കൊലപാതകങ്ങളിൽ തെളിഞ്ഞ് കാണുന്നത് പകയാണ്. ജയിൽ അധികൃതരുടെ മൌനാനുവാദത്തോടെയാണ് ലോറൻസ് ബിഷ്ണോയി വെറുമൊരു ക്രിമിനൽ എന്നതിനപ്പുറമായി മാഫിയ തലവൻ എന്ന നിലയിലേക്ക് വളർന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!