
കോഴിക്കോട് : കേരളത്തിനെയാകെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതിൽ ദൂരൂഹതയുണ്ടെന്ന് എൻഐഎ ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ പരാമർശം. തീവയ്പിന് ആസൂത്രിത സ്വഭാവമുണ്ട്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് തള്ളാനാകില്ലെന്നുമാണ് എൻഐഎ റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്.അന്വേഷണം കേരള പൊലീസിൽ മാത്രമായി ഒതുക്കിയാൽ മറ്റു കണ്ണികളിലേക്ക് എത്തില്ലെന്നും സൂചിപ്പിച്ചാണ് എൻഐ റിപ്പോർട്ട് നൽകിയത്. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ വ്യക്തതത ലഭിക്കാൻ സമഗ്രമായ അന്വേഷണം വേണം. അന്വേഷണം കേരളത്തിലൊതുക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് എൻഐഎ ഏറ്റെടുക്കണോയെന്നത് കൂടി പരിശോധിക്കാനാണ് എൻഐഎയുടെ കൊച്ചി-ചെന്നെ ഉദ്യോഗസ്ഥർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചത്.
സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കേരളത്തിലെത്തി; ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധം? അന്വേഷണം
അതേ സമയം തുടക്കത്തിൽ നൽകിയ മറുപടികളല്ലാതെ പിന്നീടൊന്നും വെളിപ്പെടുത്താൻ ഷാറുഖ് സെയ്ഫി തയ്യാറായിട്ടില്ല. ഷൊർണ്ണൂരിൽ ചെലവിട്ട 14 മണിക്കൂറുകളിൽ എവിടെയൊക്കെ പോയി. ആരെയൊക്കെ കണ്ടു എന്നൊന്നും ഇയാൾ വ്യക്തമാക്കിയില്ല. ഷൊർണ്ണൂരിൽ പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറുടെ മൊഴിയെടുത്തിട്ടുണ്ട്. ഞായറാഴ്ച പകൽ നേരത്തെ ഇയാളുടെ ഷൊർണ്ണൂരിലെ നീക്കങ്ങൾ കണ്ടെത്താൻ പൊലിസ് സംഘം അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും റെയിൽവേ സ്റ്റേഷനും പെട്രോൾ പമ്പിനും പുറമെ ഇയാളെത്തിയെ സ്ഥലങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്.
ഇയാൾ സമീപ ദിവസങ്ങളിൽ ബന്ധപ്പെട്ട സിം കാഡുകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ള ആളുകളുമുണ്ടെന്നാണ് പൊലീസും കേന്ദ്ര ഏജൻസികളും സംശയിക്കുന്നത്. തെളിവെടുപ്പിന് സജ്ജമാകും മുമ്പ് കിട്ടേണ്ട വിവരങ്ങൾ ഇനിയും ലഭിക്കാത്തതാണ് നടപടി വൈകാൻ കാരണം. പ്രതിയെ നാളെയാണ് വീണ്ടും ആരോഗ്യ പരിശോധനയ്ക്ക് കൊണ്ട് പോകാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ സുഖമില്ലെന്ന് പരാതിപ്പെട്ടതോടെ ചോദ്യം ചെയ്യൽ നടക്കുന്ന മാലൂർ കുന്ന് കാംപിലേക്ക് ഡോക്ടറെ വിളിച്ചു വരുത്തി പരിശോധന നടത്തി. കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.