
ദില്ലി: ഹണിമൂണിനിടെ മേഘാലയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാജ രഘുവംശി എന്ന യുവാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. 'കാണാതായ' ഭാര്യയെ ഭർത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കരാർ കൊലയാളികളെ നിയമിച്ചാണ് ഭാര്യ സോനം കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഗാസിപൂരിലെ ഒരു ധാബയിൽ സോനത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചികിത്സയ്ക്കായി ഗാസിപൂർ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. അവിടെ വെച്ച് പൊലീസിന് മുന്നിൽ കീഴടങ്ങി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
രാത്രിയിൽ നടത്തിയ റെയ്ഡുകളിൽ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി മേഘാലയ പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഇദാഷിഷ നോങ്‌റാങ് പറഞ്ഞു. ഒരാളെ ഉത്തർപ്രദേശിൽ നിന്നും മറ്റ് രണ്ട് പേരെ ഇൻഡോറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊല്ലാൻ സോനം തങ്ങളെ വാടകയ്‌ക്കെടുത്തതാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
മെയ് 23 ന് ഈസ്റ്റ് ഖാസി ഹിൽസിലെ ചിറാപുഞ്ചിയിൽ ഹണിമൂൺ ആഘോഷത്തിനിടെയാണ് നവദമ്പതികളായ രാജ രഘുവംശിയെയും ഭാര്യ സോനത്തിനെയും കാണാതായത്. ഒരു ദിവസം മുമ്പ് ദമ്പതികൾ നോൻഗ്രിയാറ്റിൽ എത്തിയിരുന്നു. അവസാനമായി ബാലാജി ഹോംസ്റ്റേയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ഇവരെ കണ്ടത്. കാണാതായതിന്റെ ഒരു ദിവസത്തിന് ശേഷം അവർ വാടകയ്‌ക്കെടുത്ത ഒരു സ്‌കൂട്ടർ സൊഹ്‌റാരിമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പത്ത് ദിവസങ്ങൾക്ക് ശേഷം, രാജാ രഘുവംശിയുടെ മൃതദേഹം റിയാത് അർലിയാങ്ങിലെ വീസാവ്‌ഡോംഗിലെ കൊക്കയിൽ കണ്ടെത്തി. കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വടിവാളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടർന്ന് കാണാതായ ഭാര്യയ്ക്കായി വ്യാപകമായ തിരച്ചിൽ നടത്തി.
ശനിയാഴ്ച മേഘാലയയിലെ ഒരു ടൂറിസ്റ്റ് ഗൈഡ്, ദമ്പതികളെ കാണാതായ ദിവസം മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി അവകാശപ്പെട്ടിരുന്നു. മെയ് 23 ന് രാവിലെ 10 മണിയോടെ അവരിൽ അഞ്ച് പേർ നോൻഗ്രിയാറ്റിൽ നിന്ന് മൗലഖിയാത്തിലേക്ക് 3,000 ത്തിലധികം പടികൾ കയറുകയായിരുന്നുവെന്ന് മൗലഖിയാത്തിലെ ഗൈഡ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam