
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. യു കെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയിൽ നിന്നും 5.50 ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്. ആലപ്പുഴ മാളികമുക്ക് സ്വദേശിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
പ്രതിയുടെ തിരുവനന്തപുരത്തെ വിലാസത്തിൽ അന്വേഷിച്ചപ്പോൾ സമാനമായ പല പരാതിയുണ്ടായെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ ഓഫീസ് പുട്ടിയിട്ട് എറണാകുളം കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ടിങ്ങ് ഏജൻസി നടത്തിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
അതേസമയം കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എറണാകുളം പുത്തൻകുരിശിൽ ഡേറ്റിഗ് ആപ്ലിക്കേഷൻ വഴി ഹണി ട്രാപ്പ് നടത്തിയ സംഘം തൃശൂർ സ്വദേശിയെ കൂടാതെ നിരവധി പേരെ കുടുക്കിയിട്ടുണ്ടെന്നതാണ്. ഇക്കാര്യം പൊലീസ് തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഡേറ്റിഗ് ആപ്പ് വഴി ഹണി ട്രാപ്പ് നടത്തുന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്ത്രീ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയാണ് പല ജില്ലകളിൽ നിന്നുള്ളവരെ ഇവർ കെണിയിൽ പെടുത്തുന്നതെന്ന് പുത്തൻകുരിശ് ഡി വൈ എസ് പി ടി ബി വിജയൻ പറഞ്ഞു. രണ്ട് വർഷമായി തട്ടിപ്പ് തുടരുന്ന സംഘം പത്ത് ലക്ഷം രൂപ വരെ പലരിൽ നിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. തൃശൂർ സ്വദേശി പ്രിൻസ് ആണ് ഹണിട്രാപ്പ് സംഘത്തിലെ മുഖ്യസൂത്രധാരൻ. ഇയാളുടെ പങ്കാളി അശ്വതി, കൊല്ലം സ്വദേശി അനൂപ് എന്നിവരുമായി ചേർന്നാണ് ഇവർ യുവാക്കളെ കെണിയിലാക്കിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുമ്ട്. വടക്കൻ പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് പുത്തൻകുരിശ് പൊലീസ് ഈ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാക്കളെ കണ്ടെത്തുക. ചാറ്റിൽ കറക്കി വീഴ്ത്തിയാൽ പിന്നെ ഫോൺ വിളി തുടങ്ങും. സ്ത്രീശബ്ദം കൃത്രിമമായി ഉണ്ടാക്കി ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്.