
ഹരിയാന: ഭർത്താവിനെ രണ്ടര വർഷം മുമ്പ് കൊലപ്പെടുത്തിയെന്നും അതിനാൽ തന്നെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് യുവതിയുടെ കത്ത്. മുൻ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് രോഹ്താസ് സിംഗിന്റെ വിധവ സുനിതാ കുമാരിയാണ് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന് കത്ത് നൽകിയത്. കത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
സുനിതാ കുമാരി തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയെ വസതിയിൽ സന്ദർശിച്ച് കത്ത് കൈമാറിയതായി അംബാല പോലീസ് സൂപ്രണ്ട് അഭിഷേക് ജോർവാൾ പറഞ്ഞു. മദ്യപാനിയായ ഭർത്താവിനെ താൻ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കത്തിൽ സുനിതാ കുമാരി വിശദീകരിച്ചിട്ടുണ്ട്. അമിതമായി മദ്യപിച്ചാണ് അന്നേ ദിവസം ഭർത്താവ് വീട്ടിലെത്തിയത്. വന്ന ഉടൻ തന്നെ തന്നെ അധിക്ഷേപിക്കാൻ തുടങ്ങി. തുടർന്ന് മയങ്ങി താഴെ വീണു. ഛർദ്ദിക്കാൻ തുടങ്ങിയപ്പോൾ തുണി ഉപയോഗിച്ച് വായ് മൂടി ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് സുനിത കത്തിൽ വിശദീകരിക്കുന്നു.
ഭക്ഷണശകലങ്ങൾ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി അവശനിലയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. എന്നാൽ അവിടെ എത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നതായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതുവരെ ആരോടും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും കുറ്റബോധം കൊണ്ട് താൻ വീർപ്പുമുട്ടുകയായിരുന്നു എന്നും സുനിതാ കുമാരി കത്തിൽ പറയുന്നതായി ആഭ്യന്തരമന്ത്രി അനിൽ വിജ് പറയുന്നു.
മഹേഷ് നഗർ പൊലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 304 (മനപൂർവ്വമല്ലാത്ത കൊലപാതകം) പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. അറസ്റ്റിന് ശേഷം കൂടുതൽ അന്വേഷണത്തിനായി മഹില പൊലീസ് സ്റ്റേഷനിൽ സുനിത കുമാരിയെ കൈമാറിയതായി എസ്പി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam