
ലഖ്നൌ: തന്‍റെ മൊബൈൽ ഫോണ്‍ എടുത്ത് ഒളിപ്പിച്ച് വെച്ചതിന് ഭർത്താവിനെ ഷോക്കടിപ്പിച്ച് യുവതി. ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് പറഞ്ഞാണ് യുവാവ് ഫോണ്‍ എടുത്ത് മാറ്റിവെച്ചത്. തുടർന്ന് 33 കാരിയായ യുവതി ഭർത്താവിനെ മയക്കി കട്ടിലിൽ കെട്ടിയിട്ട് മർദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ 14 വയസ്സുകാരനായ മകനെയും യുവതി മർദിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം.
ബേബി സിംഗ് യാദവ് എന്ന യുവതിക്കെതിരെ ഭർത്താവ് പ്രദീപ് സിംഗാണ് പരാതി നൽകിയത്. പ്രദീപ് സിംഗ് സൈഫായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബേബി സിംഗ് പതിവായി എല്ലാ ദിവസവും മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. താൻ എതിർക്കുകയും ഭാര്യയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. വീട്ടുകാർ പറഞ്ഞതനുസരിച്ച് മൊബൈൽ ഫോൺ എടുത്തു മാറ്റുകയായിരുന്നുവെന്നും പ്രദീപ് സിംഗ് പറയുന്നു. ഇതോടെ രോഷാകുലയായ ഭാര്യ തന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ മയക്കിക്കിടത്തി കെട്ടിയിട്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ടടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. തന്നെ രക്ഷിക്കാൻ ശ്രമിച്ച മകനും മർദനമേറ്റെന്ന് പ്രദീപ് സിംഗ് പറഞ്ഞു.
യുവതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (കൊലപാതകശ്രമം), 328 (മുറിവേൽപ്പിക്കൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കിഷ്നി പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ അനിൽ കുമാർ പറഞ്ഞു. യുവതി നിലവിൽ ഒളിവിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam