സൗഹൃദം നടിച്ച് ഓൺലൈൻ തട്ടിപ്പ്, 60 കാരിക്ക് നഷ്ടമായത് 3.98 കോടി രൂപ

By Web TeamFirst Published Apr 23, 2021, 11:41 AM IST
Highlights

അഞ്ച് മാസത്തോളം എടുത്ത് പരസ്പരം സംസാരിക്കുകയും സൗഹൃദം ഉറപ്പിക്കുകയും ചെയ്ത ശേഷം പിറന്നാൾ സമ്മാനമായി ഒരു ഐഫോൺ അയക്കുന്നതായി അറിയിച്ചു...

പൂനെ: മഹാരാഷ്ട്രയിൽ സമൂഹമാധ്യമം വഴിയുളള തട്ടിപ്പിലൂടെ സ്വകാര്യ സ്ഥാപനത്തിലെ സീനിയർ എക്സിക്യൂട്ടീവിന് നഷ്ടമായത് 3.98 കോടി രൂപ. 60 കാരിയായ ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി 207 തവണകളായാണ് പണം തട്ടിയെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ അക്കൗണ്ടുകൾ ഉപയോ​ഗിച്ചാണ് പണം തട്ടിയെടുത്തത്. 

ഏപ്രിൽ 2020 ന് സോഷ്യൽ മീഡിയയിൽ സ്ത്രീക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അഞ്ച് മാസത്തോളം എടുത്ത് പരസ്പരം സംസാരിക്കുകയും സൗഹൃദം ഉറപ്പിക്കുകയും ചെയ്ത ശേഷം പിറന്നാൾ സമ്മാനമായി ഒരു ഐഫോൺ അയക്കുന്നതായി അറിയിച്ചു. സെപ്തംബറിൽ ​സമ്മാനത്തിന്റെ കസ്റ്റംസ് ക്ലിയറൻസിന് ദില്ലിയിൽ പണം നൽകണമെന്ന് സ്ത്രീയോട് ആവശ്യപ്പെട്ട് വൻ തുക കൈപ്പറ്റി. 

പലതവണയായി കൊറിയ‍ർ ഏജൻസിയിൽ നിന്നെന്നും കസ്റ്റം ഉദ്യോ​ഗസ്ഥരെന്നുമെല്ലാം പറഞ്ഞ് പണം തട്ടിയെടുത്തു. ബ്രിട്ടനിൽ നിന്ന് എത്തിയ പാർസലിൽ ആഭരണങ്ങളും വിദേശ കറൻസിയുമുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയിരുന്നത്. 2020 സെപ്റ്റംബർ ആയതോടെ സ്ത്രീക്ക് 3,98,75,500 രൂപ നഷ്ടമായി. ഇതോടെ ഇവർ സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത സൈബർ സെൽ അന്വേഷണം ആരംഭിച്ചു.  

click me!