
ദില്ലി: ഡല്‍ഹി മെട്രോയുടെ പാര്‍ക്കിംഗ് ഏരിയയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വടക്കു കിഴക്കൻ ദില്ലിയിലെ ശാസ്ത്രി പാർക്ക് മെട്രോ സ്‌റ്റേഷന്റെ പാർക്കിംഗ് ഏരിയയിലാണ് ഏകദേശം 30 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. കാടിനോട് ചേര്‍ന്നു കിടക്കുന്ന പാർക്കിംഗ് സ്ഥലത്ത് ഒരു വഴിയാത്രക്കാരനാണ് ആദ്യം മൃതദേഹം കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ആരെങ്കിലും മൃതദേഹം പാര്‍ക്കിംഗ് ഏരിയയിലേക്ക് എറിഞ്ഞതാണോ എന്ന് കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. എന്തെങ്കിലും തുമ്പ് ലഭിക്കുമോ എന്നറിയാന്‍ സമീപവാസികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ആരെങ്കിലും മൃതദേഹം പാർക്കിംഗ് സ്ഥലത്തേക്ക് എറിഞ്ഞതാണോ അതോ സ്വാഭാവിക മരണമാണോ എന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
സംഭവത്തിൽ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പൊലീസിന് നോട്ടീസ് നൽകി. എഫ്‌ഐആറിന്റെ പകർപ്പും ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടു- "ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു എന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ദില്ലി വനിതാ കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ഈ വിഷയത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പും വിശദാംശങ്ങളും നൽകണം. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകണം. ഉണ്ടെങ്കിൽ അതേക്കുറിച്ചുള്ള വിശദാംശങ്ങളും വിഷയത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും നൽകുക"- ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam