
ബെംഗളുരു: റോഡ് സൈഡില്‍ ഇരുചക്രവാഹനം നിര്‍ത്തിയ വനിതാ ബൈക്കര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. ബെംഗളുരുവിലെ നൈസ് റോഡില്‍ ബൈക്ക് നിര്‍ത്തിയ വനിതാ റൈഡര്‍മാരെ പട്ടാപ്പകല്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്തെ വീട്ടിലെ അച്ഛനും മകനുമാണ്. ഞായറാഴ്ചയാണ് അതിക്രമം നടന്നത്. അന്തര്‍ ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വനിതകള്‍ക്ക് അതിക്രമത്തിന് ഇരയാവേണ്ടി വന്നത്.
വെള്ളം കുടിക്കാന്‍ വേണ്ടിയായിരുന്നു ബൈക്ക് ഇവര്‍ റോഡരുകില്‍ നിര്‍ത്തിയത്. ഷാരോണ്‍ സാമുവല്‍, പ്രിയങ്ക പ്രസാദ് എന്നീ റൈഡര്‍മാരെയാണ് അച്ഛനും മകനും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. നൈസ് റോഡില്‍ നിന്ന് ബന്നര്‍ഘട്ട എക്സിറ്റ് സമീപമായിരുന്നു സംഭവം. റോഡരികില്‍ ബൈക്ക് നിര്‍ത്തിയതിന് പിന്നാലെ ഹനുമന്തപ്പ എന്നയാളും മകനായ മഞ്ജുനാഥും ഇവര്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് എത്തുകയായിരുന്നു. റോഡിന് എതിര്‍വശത്തുള്ള ഇവരുടെ വീട്ടില്‍ നിന്ന് ബൈക്ക് പാര്‍ക്ക് ചെയ്ത ഭാഗത്തുള്ള തോട്ടത്തിന്‍റെ ഉടമകളാണ് കയ്യേറ്റ ശ്രമം നടത്തിയത്. തോട്ടത്തിലേക്കുള്ള വഴി അടച്ചാണ് വാഹനം നിര്‍ത്തിയതെന്ന പേരില്‍ ആയിരുന്നു അക്രമം. വാഹനം നിര്‍ത്തിയിട്ടിരുന്നതിന്‍റെ എതിര്‍ ഭാഗത്ത് നിന്ന് റോഡിലെ ബാരിക്കേഡ് ചാടിക്കടന്നാണ് യുവാവ് ഇവരുടെ സമീപത്ത് എത്തിയത്. വാഹനം എടുത്തുകൊണ്ട് പോകാന്‍ ആവശ്യപ്പെട്ട് ആക്രോശിച്ചതിന് പിന്നാലെയാണ് യുവാവ് ബൈക്കിന്‍റെ ചാവി ഊരിയെടുത്തുകൊണ്ട് പോയത്.
പൊലീസിന്‍റെ സഹായം തേടിയെങ്കിലും ഏഴ് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് എഫ്ഐആര്‍ എടുത്തതെന്നും വനിതാ റൈഡര്‍മാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷാരോണ്‍ സാമുവലിന്‍റെ ബൈക്കിന്‍റെ ചാവി തട്ടിയെടുത്തുകൊണ്ടുപോയ അക്രമികള്‍ തിരികെ എത്തിയത് വനിതകളെ ആക്രമിക്കാന്‍ വടികളുമായി ആയിരുന്നു. അനധികൃതമായി തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചതിനും ആക്രമിക്കാന്‍ ശ്രമിച്ചതിനും സ്ത്രീത്വത്തിനെതിരായ അക്രമത്തിനുമാണ് അച്ഛനും മകനുമെതിരെ കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam