
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം റൂറൽ പൊലീസ് പരിധിയിൽ ഇത്രയും ഉയർന്ന തോതിൽ എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്. കൊല്ലം പട്ടത്താനം സ്വദേശിയായ 24 വയസുകാരൻ അമൽ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബംഗളൂരുവിൽ പോയി വരും വഴി കൊട്ടാരക്കരയിൽ ബസ് ഇറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പൊലീസിന്റെ ഡാൻസാഫ് സംഘം വിശദമായി പരിശോധിച്ചു.
ബാഗിൽ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു 106 ഗ്രാം എംഡിഎംഎ. ബാഗിൽ പുതിയ വസ്ത്രങ്ങളും പാദരക്ഷയും കളിപ്പാട്ടവും ഉണ്ടായിരുന്നു. ഇതിനിനിടയിലാണ് തുണിയിൽ പൊതിഞ്ഞ് മൂന്ന് കവറുകളാക്കി ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. അമലിനൊപ്പം ലഹരി മരുന്ന് കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്ര വലിയ തോതിൽ ലഹരി മരുന്നു വാങ്ങിക്കാൻ പണം മുടക്കിയത് ആരെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
Read Also: അരൂരില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി; ആളപായമില്ല