
കൊച്ചി: വൈപ്പിനിൽ ഒന്നര വർഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട ഭർത്താവ് അറസ്റ്റിലായ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. വാച്ചാക്കൽ സ്വദേശി സജീവനാണ് ഭാര്യ രമ്യയെ സംശയത്തെ തുടർന്ന് കൊലപ്പെടുത്തിയത്. രമ്യ ബെംഗളുരുവിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിൽ സംശയം തോന്നി സഹോദരൻ നൽകിയ പരാതിയിലാണ് ക്രൂരകൃത്യം നാട് അറിയുന്നത്. രമ്യയുടെ ശരീര അവശിഷ്ടങ്ങൾ വീടിന് മുന്നിൽ നിന്ന് കണ്ടെടുത്തു.
Read more: ഒന്നരവർഷം മുമ്പ് കാണാതായ ഭാര്യയെ കൊന്നുകുഴിച്ച് മൂടിയതെന്ന് ഭർത്താവ്, വൈപ്പിനെ ഞെട്ടിച്ച മൊഴി
2021 ഓഗസ്റ്റ് 16നാണ് സജീവൻ രമ്യയെ കൊലപ്പെടുത്തുന്നത്. രമ്യയെ പറ്റിയുള്ള സംശയങ്ങളെ ചൊല്ലി തർക്കം കൈയ്യാങ്കളിയിലെത്തി. ഒടുവിൽ ഭാര്യയെ കയറിട്ട് കുരുക്കി കൊലപ്പെടുത്തി. പകൽ സമയം മുഴുവൻ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. രാത്രി വൈകി ആരുമില്ലെന്ന് ഉറപ്പാക്കി വീട്ടുമുറ്റത്ത് സിറ്റൗട്ടിനോട് ചേർന്ന് മൃതദേഹം കുഴിച്ചിട്ടു. സജീവന്റെ വീട്ടിലായിരുന്ന മക്കളോട് അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ അയാൾക്കൊപ്പമാണ് താമസമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ബന്ധുക്കളോ അയൽക്കാരോ ചോദിച്ചാൽ ബെംഗളൂരുവിൽ ഒരു കോഴ്സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്ന് പറയാനും പറഞ്ഞ് പഠിപ്പിച്ചു.
രമ്യയുടെ വീട്ടുകാർ ചോദിച്ചപ്പോഴും രമ്യയ്ക്ക് ഫോൺ ഉപയോഗിക്കുന്നതിൽ നിബന്ധനകളുണ്ടെന്നും വിശദീകരിച്ചു. പ്ലസ് ടുവിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കൾ പറയുന്നതിൽ വൈരുദ്ധ്യം തോന്നിയ രമ്യയുടെ സഹോദരൻ രാത്ത് ലാൽ ആണ് ഒടുവിൽ പൊലീസിൽ പരാതി നൽകുന്നത്. പൊലീസ് വിളിപ്പിച്ചതോടെ ഭാര്യയെ കാണാത്തതിൽ തനിക്കും പരാതിയുണ്ടെന്ന് സജീവൻ എഴുതി നൽകി. അപ്പോഴേക്കും ആറ് മാസത്തിലധികം പിന്നിട്ടിരുന്നു.
പൊലീസന്വേഷണത്തിൽ ആദ്യമൊന്നും ഒരു പുരോഗതിയുമുണ്ടായില്ല.ഒന്നുമറിയാത്ത പോലെ സജീവൻ എല്ലാവർക്കും മുന്നിൽ അഭിനയിച്ച് നടന്നു. എന്നാൽ ചില മൊഴികളിൽ സംശയം തോന്നിയ ഇയാളെ തുടർച്ചയായി നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ച് വരുത്തി തുടർച്ചയായുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 19 വർഷം മുൻപാണ് വൈപ്പിൻ സ്വദേശികളായ ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഏതാനും വർഷങ്ങളായി എടവനക്കാട്ടെ ഈ വാടകവീട്ടിലായിരുന്നു താമസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam