
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയ്ക്കടുത്ത് കീഴാറൂരില്‍ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ചയാളുടെ കുടുംബം. കൊവിഡ് നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളുടെ വീട്ടിലെ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത് രണ്ടു ദിവസത്തിനു ശേഷമാണ് അതേവീട്ടിലെ കിണറ്റില്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. അപകട മരണമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കീഴാറൂര്‍ സ്വദേശി ഷാജിയുടെ മൃതദേഹമാണ് വീടിന് രണ്ടു കിലോ മീറ്റര്‍ അകലെയുളള സുഹൃത്ത് സുരേഷിന്‍റെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. പ്രവാസിയായ സുരേഷ് നാട്ടിലെത്തി കൊവിഡ് നീരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഷാജിയടക്കം ആറു സുഹൃത്തുക്കള്‍ക്കായി സുരേഷ് വീട്ടില്‍ മദ്യസല്‍ക്കാരമൊരുക്കി. മദ്യസല്‍ക്കാരത്തില്‍ ഷാജി പങ്കെടുക്കുകയും ചെയ്തു. പിന്നീട് ആരും കണ്ടിട്ടില്ല. തുടര്‍ന്ന് ഇന്നലെയാണ് മൃതദേഹം സുരേഷിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചത്തെ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത ഷാജി അന്ന് രാത്രി ഏഴു മണിയോടെ വീട്ടില്‍ നിന്ന് പോയിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും സുരേഷ് പറയുന്നു.
എന്നാല്‍ തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണി വരെ ഷാജിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണി മുതലാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്നുമാണ് കുടുംബത്തിന്‍റെ മൊഴി. ഈ സാഹചര്യത്തിലാണ് മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നത്.
മദ്യലഹരിയില്‍ ഷാജി കിണറ്റില്‍ വീണു മരിച്ചതാകാമെന്നാണ് പ്രാഥമികമായി പൊലീസിന്‍റെ അനുമാനം. എന്നാല്‍ മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഷാജിയ്ക്കൊപ്പം മദ്യപിച്ച സുഹൃത്തുക്കളെചോദ്യം ചെയ്തു വരികയാണ്. കൊവിഡ് സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടു കൂടി കിട്ടിയ ശേഷമേ അന്തിമ നിഗമനത്തിലേക്ക് എത്തൂ എന്ന് ആര്യങ്കോട് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam