പുലർച്ചെ മലഞ്ചരക്ക് കടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്'; ഒടുവിൽ പൂട്ട് തകർത്ത് കവർന്നത് 10 ചാക്ക് അടയ്ക്ക

By Web TeamFirst Published Mar 2, 2024, 8:18 PM IST
Highlights

പൂട്ട് തകർത്ത് പത്ത് ചാക്കോളം അടയ്ക്കയും ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 13,000 രൂപയുമാണ് പ്രതി മോഷ്ടിച്ചതെന്ന് പൊലീസ്.

കോഴിക്കോട്: മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. നന്മണ്ട മണക്കാട്ട് പറമ്പത്ത് ആഷിഖിനെ (37) ആണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് ബാലുശ്ശേരി കരിയാത്തന്‍കാവ് പ്രദേശത്തെ മലഞ്ചരക്ക് കടയില്‍ നടത്തിയ മോഷണക്കേസിലാണ് ആഷിഖിനെ പിടികൂടിയത്. 

'പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആഷിഖ് കടയുടെ പരിസരത്ത് എത്തിയത്. തുടര്‍ന്ന് ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. ശേഷം പത്ത് ചാക്കോളം അടയ്ക്കയും ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 13,000 രൂപയും മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസം കടയുടമ സ്ഥാപനം തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ബാലുശ്ശേരി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സംഘം സ്ഥലം വിശദമായി പരിശോധിച്ചു. കരിയാത്തന്‍ കാവിലെയും സമീപ പ്രദേശങ്ങളായ വട്ടോളി ബസാര്‍, നന്‍മണ്ട എന്നിവിടങ്ങളിലെ ഇരുപതോളം സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നും മോഷ്ടാവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിക്കുകയായിരുന്നെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ആഷിഖ് ഇതിന് മുന്‍പും മോഷണക്കേസുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ബാലുശ്ശേരി സി.ഐ മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു. ആഷിഖ് മോഷണത്തിനായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐമാരായ നിബിന്‍ ജോയ്, മുഹമ്മദ് പുതുശ്ശേരി, എ.എസ്.ഐ ബിജേഷ്, സീനിയര്‍ സി.പി.ഒമാരായ രജീഷ്, ഗോകുല്‍ രാജ്, ജംഷീദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ലോറി ബൈക്കിലിടിച്ച് എസ്എഫ്‌ഐ നേതാവിന് ദാരുണാന്ത്യം: അപകടം ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ 
 

tags
click me!