ബൈക്കിലെത്തി സ്ത്രീകളെ തള്ളിയിട്ട് മാല പൊട്ടിക്കല്‍; സിസിടിവി കുരുക്കി, യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Nov 24, 2020, 12:29 AM IST
Highlights

മോഷണ പരമ്പര ആവർത്തിച്ചതോടെ പ്രതികളെ പിടികൂടാൻ പൊലീസിന്‍റെ മേൽ സമ്മർദ്ദമേറി. ഇതിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. 

കണ്ണൂര്‍: കണ്ണൂരിൽ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളെ തള്ളിയിട്ട് മാല കവരുന്ന രണ്ടംഗ സംഘം അറസ്റ്റിൽ. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞപ്പോൾ സംസ്ഥാനം വിട്ട പ്രതികളെ കർണ്ണാടകയിൽ നിന്നാണ് തളിപറമ്പ് പൊലീസ് പിടികൂടിയത്. അഴീക്കൽ സ്വദേശി സോളമൻ, ബക്കളം സ്വദേശി അർഷാദ് എന്നിവരാണ് വലയിലായത്.

കഴിഞ്ഞ മാസം ഏഴിന് മയ്യിലിലാണ് ആദ്യ സംഭവം. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ദേവികയോട് വഴി ചോദിക്കാനെന്ന പേരിൽ വണ്ടി നി‍‍ർത്തിയ ശേഷമാണ് രണ്ട് പവൻ മാല പൊട്ടിച്ചെടുത്തത്. നവംമ്പർ രണ്ടിന് പറശ്ശിനിക്കടവിൽ വച്ച് രോഹിണിയെന്ന സ്ത്രീയുടെ മാലയും ഇവർ കവർന്നു. ഹെൽമെറ്റ് ധരിച്ചെത്തിയ സോളമനും അർഷാദും രോഹിണിയെ തള്ളിയിട്ട ശേഷമാണ് മാല പൊട്ടിച്ചത്. 

മോഷണ പരമ്പര ആവർത്തിച്ചതോടെ പ്രതികളെ പിടികൂടാൻ പൊലീസിന്‍റെ മേൽ സമ്മർദ്ദമേറി. ഇതിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പറശ്ശിനിക്കടവിൽ നടന്ന മോഷണത്തിന് ശേഷം പ്രതികൾ കണ്ണൂരിലേക്ക് പോയിട്ടുണ്ടെന്ന നിഗമനത്തിൽ പ്രദേശത്തെ എല്ലാ സിസിടിവികളും പൊലീസ് പരിശോധിച്ചു.

ഒരു പെട്രോൾ പമ്പിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ കിട്ടി. കണ്ണൂരിലെ ഒരു സൈക്കിൾ കടയിൽ ഇവർ എത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇവിടുന്ന സൈക്കിൾ വാങ്ങിയ പ്രതികൾ ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയത്. ഓട്ടോ ഡ്രൈവ‍ർ വഴി പ്രതികൾ താമസിക്കുന്ന സ്ഥലത്ത് അന്വേഷണം സംഘം എത്തിയെങ്കിലും പ്രതികൾ സംസ്ഥാനം വിട്ടിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇവർ ബെഗളൂരുവിലാണെന്ന് മനസ്സിലായി. 

പൊലീസ് സംഘം ബെംഗളൂരുവിൽ എത്തിയപ്പോഴേക്കും പ്രതികൾ കോയമ്പത്തൂരിലേക്കും അവിടുന്നു ചാമരാജ് നഗറിലേക്കും കടന്നു. ഒടുവിൽ ചാമരാജ നഗറിലെത്തി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ചെറുപ്പം മുതൽ സുഹൃത്തുക്കളാണ് സോളമനും അർഷാദും. അർഷാദ് പാചകക്കാരനും, സോളമൻ പെയിന്‍റിംഗ് തൊഴിലാളിയുമാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

click me!