
അയോവയിലെ ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ അസാധാരണമായ എന്തോ ഒന്ന് ജസ്റ്റിൻ ബ്ലൗവെറ്റ്(Justin Blauwet) ശ്രദ്ധിച്ചു. ഒറ്റനോട്ടത്തിൽ, ഒരടിയോളം നീളമുള്ള ഒരു കല്ല് പോലെ തോന്നി അത്. എന്നാൽ, ബ്ലൗവെറ്റിന് അത് എന്താണെന്ന് ഒരു സംശയം ഉണ്ടായിരുന്നു. സംശയം ശരിയായി, ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു മാമോത്ത് പല്ലാ(mammoth tooth)യിരുന്നു അത്. മാർച്ച് 4 -ന് ഷെൽഡണിലെ നോർത്ത് വെസ്റ്റ് അയോവ കമ്മ്യൂണിറ്റി കോളേജിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ ഒരു നിർമ്മാണ സൈറ്റ് നിരീക്ഷിക്കുന്നതിനിടെയാണ് ബ്ലൗവെറ്റ് പല്ല് കണ്ടതെന്ന് തൊഴിലുടമയായ ഡിജിആർ എഞ്ചിനീയറിംഗിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.
ഫോസിലുകളെയും ചരിത്രാതീത ജീവികളെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിന് നന്ദി എന്നാണ് താൻ പല്ല് തിരിച്ചറിഞ്ഞതിനെ കുറിച്ച് ബ്ലൗവറ്റ് പറഞ്ഞത്. തന്റെ രണ്ട് ചെറിയ ആൺമക്കൾക്കും ഫോസിലുകളോടും ദിനോസറുകളോടും താൽപ്പര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടെത്തൽ പരിശോധിക്കാൻ കമ്പനി അയോവ സർവകലാശാലയിലെ പാലിയന്റോളജി റിപ്പോസിറ്ററി ഇൻസ്ട്രക്ടറായ ടിഫാനി അഡ്രെയിനോട് ആവശ്യപ്പെട്ടു. ഇത് ഒരു യഥാർത്ഥ മാമോത്ത് പല്ലാണെന്ന് അവൾ സ്ഥിരീകരിച്ചു. പല്ലിന് 11 ഇഞ്ച് നീളവും 11.2 പൗണ്ട് ഭാരവുമുണ്ട്. ഇതിന് 20,000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് അഡ്രയിൻ പറഞ്ഞു.
ഈസ്റ്റ് ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹെഡ് ക്യൂറേറ്റർ ക്രിസ് വിഡ്ഗ ശനിയാഴ്ച CNN -നോട് പറഞ്ഞു, ഏതാണ്ട് ഒരു റൊട്ടിയോട് സാമ്യമുള്ള, അവയുടെ തനതായ ആകൃതി മാമോത്ത് പല്ലുകളെ തിരിച്ചറിയാൻ എളുപ്പമാക്കുന്നു. വിഡ്ഗയുടെ അഭിപ്രായത്തിൽ, പല്ലിലെ തേയ്മാനത്തിന്റെ തോത് അടിസ്ഥാനമാക്കി, ഈ പ്രത്യേക മാതൃക അതിന്റെ 30 -കളിൽ ഉള്ള ഒരു മാമോത്ത് ആയിരിക്കാം എന്നാണ് പറയുന്നത്.
4,000 വർഷങ്ങൾക്ക് മുമ്പ് തന്നെ മാമോത്തുകൾക്ക് വംശനാശം സംഭവിച്ചതായി വിദഗ്ധർ വിശ്വസിക്കുന്നു. എല്ലുകളേക്കാളും പൂർണ്ണമായ അവശിഷ്ടങ്ങളേക്കാളും മാമോത്ത് പല്ലുകൾ കണ്ടെത്തുന്നത് സാധാരണമാണ്, വിഡ്ഗ പറഞ്ഞു. അവ ഇനാമൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അത് കൂടുതൽ കരുത്തുറ്റതുമാണ്. മറ്റ് ഫോസിലുകളേക്കാൾ കൂടുതലായി പല്ല് ശ്രദ്ധിക്കപ്പെടാൻ അതിന്റ രൂപം കാരണമാകുന്നു.
വടക്കുപടിഞ്ഞാറൻ അയോവ മാമോത്ത് കണ്ടെത്തലുകൾക്ക് ഒരുതരം ഹോട്ട്‌സ്‌പോട്ട് ആണെന്ന് വിഡ്ഗ അഭിപ്രായപ്പെട്ടു. കണ്ടെത്തലുകൾക്ക് 24,000 മുതൽ 15,000 വർഷം വരെ പഴക്കമുണ്ട്. നോർത്ത് വെസ്റ്റ് അയോവ കമ്മ്യൂണിറ്റി കോളേജിലെ ഷെൽഡൺ പ്രേരി മ്യൂസിയത്തിൽ ബ്ലൗവെറ്റിന്റെ കണ്ടെത്തൽ ഉടൻ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. സിയോക്‌സ് സിറ്റിയിൽ നിന്ന് 60 മൈൽ വടക്കുകിഴക്കായാണ് ഷെൽഡൺ സ്ഥിതി ചെയ്യുന്നത്.
"ഷെൽഡൺ പ്രയറി മ്യൂസിയത്തിൽ പല്ല് പ്രദർശിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്" ഡിജിആറിന്റെ വാർത്താക്കുറിപ്പിൽ കോളേജ് പ്രസിഡന്റ് ഡോ. ജോൺ ഹാർട്ടോഗ് പറഞ്ഞു. "ഇതുവഴി, ഞങ്ങളുടെ സേവന മേഖലയിലുടനീളമുള്ള എല്ലാവർക്കും ഈ പുരാവസ്തു കാണാനും അഭിനന്ദിക്കാനും മ്യൂസിയത്തിൽ വരാം."