എട്ട് വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന കനേഡിയൻ പൗരനായ കാലേബ് ഫ്രീസെൻ, താൻ ഇന്ത്യയെ ഇഷ്ടപ്പെടുന്നതിന്റെ കാരണം ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തി. ഇന്ത്യയിൽ താമസിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന പൊതുധാരണയെ അദ്ദേഹം തള്ളിക്കളഞ്ഞു.

ബെം​ഗളൂരു: കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയതിന്റെ കാരണം വ്യക്തമാക്കി കനേഡിയൻ പൗരൻ. ടെക് തലസ്ഥാനത്തെ പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ വാർത്തകളിൽ ഇടം നേടിയ കാലേബ് ഫ്രീസെൻ എന്നായാളാണ് താൻ എന്തുകൊണ്ട് ഇന്ത്യയെ ഇഷ്ടപ്പെടുന്നുവെന്ന് വീഡിയോയിൽ വ്യക്തമാക്കിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചു. പലരുടെയും ആശങ്കകൾക്കിടയിലും, താൻ ഇവിടെ ജീവിതം ആസ്വദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ആയിരിക്കുന്നതിന് എന്തോ ഗൂഢലക്ഷ്യം ഉണ്ടെന്ന് മിക്ക ആളുകളും കരുതുന്നു. പക്ഷേ, തന്റെ ഉത്തരം വളരെ ലളിതമാണ്. ടൂറിസത്തിനായി ഇന്ത്യ സന്ദർശിക്കുന്നത് ആളുകൾക്ക് മനസ്സിലാകും. അതുപോലെ മൾട്ടിനാഷണൽ കമ്പനി കുറച്ച് വർഷത്തേക്ക് ജോലിക്ക് ഇങ്ങോട്ട് അയയ്ക്കുന്നതും മനസ്സിലാകും, ആത്മീയാന്വേഷണത്തിനെത്തുന്നതും അവർക്ക് മനസ്സിലാകും. എന്നാൽ, ഇവിടെ വെറുതെ വന്ന് താമസിക്കുന്നത് എന്തിനെന്ന് അവർക്ക് മനസ്സിലാകില്ല. 8 വർഷത്തിലേറെയായി ഒരു സാധാരണ വ്യക്തിയെപ്പോലെ ജീവിക്കുന്നു. മിക്ക ആളുകൾക്കും ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഫ്രീസെൻ പറഞ്ഞു.

ഒരു വിഭാഗം ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്തിന്റെ മൂല്യങ്ങളെ വിലമതിക്കുന്നില്ല. അവർക്ക് തദ്ദേശീയ ഉൽപ്പന്നങ്ങളോട് താൽപര്യമില്ല. ഞാൻ ആ ധാരണ സ്വീകരിക്കില്ല. ഞാൻ ഇവിടെ ജനിച്ചിട്ടില്ല, ആ ധാരണ ഉൾക്കൊള്ളാൻ വളർന്നിട്ടുമില്ല. നല്ലതും ചീത്തയും എല്ലായിടത്തുമുണ്ട്, ഇന്ത്യയിലുമുണ്ട്. കാനഡയ്ക്ക് നല്ലതും ചീത്തയും ഉണ്ട്. അമേരിക്കയ്ക്ക് നല്ലതും ചീത്തയും ഉണ്ട്. യുകെക്ക് നല്ലതും ചീത്തയും ഉണ്ട്. സിംഗപ്പൂരിന് നല്ലതും ചീത്തയും ഉണ്ട്- ഫ്രീസെൻ പറഞ്ഞു. കുഴികൾ നിറഞ്ഞ ഒരു റോഡിനെക്കുറിച്ച് എനിക്ക് തോന്നുന്ന ദേഷ്യം, റോഡിലെ ഒരു ചെറിയ വിള്ളലിനെക്കുറിച്ച് ഒരു ഡച്ച് വ്യക്തിക്ക് തോന്നുന്ന അതേ ദേഷ്യമാണ്. എല്ലാ സ്ഥലങ്ങളിലെയും മോശം അവസ്ഥ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

View post on Instagram