എമ്മി പുരസ്‌കാരനിറവില്‍ ഒബാമ, നേട്ടം നെറ്റ് ഫ്‌ളിക്‌സ് ഡോക്യുമെന്ററിയിലൂടെ

Published : Sep 05, 2022, 05:04 PM IST
എമ്മി പുരസ്‌കാരനിറവില്‍ ഒബാമ, നേട്ടം നെറ്റ് ഫ്‌ളിക്‌സ് ഡോക്യുമെന്ററിയിലൂടെ

Synopsis

ഇക്കൊല്ലത്തെ ക്രിയേറ്റീവ് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളില്‍ കലാകാരന്‍മാര്‍ മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങി. അക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധ നേടുന്ന രണ്ട് പേര്‍. അവരുടെ സവിശേഷതകള്‍. പി ആര്‍ വന്ദന എഴുതുന്നു  

ഡേവിഡ് അറ്റന്‍ബറോ, ലുപിറ്റ ന്യൂങോ, കരീം അബ്ദുള്‍ ജബ്ബാര്‍, കമൗ ബെല്‍ തുടങ്ങിയ പ്രശസ്തരെ പിന്തള്ളിയാണ് ഒബാമ പുരസ്‌കാരം നേടിയത്. ഇതാദ്യമായല്ല ഒബാമ ജനപ്രിയ പുരസ്‌കാരം നേടുന്നത്.   The Audacity of Hope, A Promised Land എന്നീ രണ്ട് ഓര്‍മക്കുറിപ്പുകളുടെ ഓഡിയോ ബുക്ക് വായനക്ക് അദ്ദേഹത്തിന് ഗ്രാമി പുരസ്‌കാരം കിട്ടിയിട്ടുണ്ട്. വേറെയും നിരവധി അവാര്‍ഡുകള്‍ ഇതേ വായനക്ക് ഒബാമക്ക് കിട്ടിയിട്ടുണ്ട്.

 

 

ഇക്കൊല്ലത്തെ ക്രിയേറ്റീവ് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളില്‍ കലാകാരന്‍മാര്‍ മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങി. പുരസ്‌കാര ജേതാക്കളുടെ വിശദാംശങ്ങളിലേക്ക് പോകും മുമ്പ് അക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധ നേടുന്ന രണ്ട് പേരുകള്‍ ആദ്യം പറയേണ്ടതുണ്ട്. 

ആദ്യത്തെ ആള്‍ സാക്ഷാല്‍ ബാരക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഒബാമക്ക് പുരസ്‌കാരം കിട്ടിയത് മികച്ച വിവരണത്തിനാണ്. കൃത്യമായി പറഞ്ഞാല്‍ Outstanding  Narrator  വിഭാഗത്തില്‍. നെറ്റ്ഫ്‌ലികസില്‍ സംപ്രേഷണം ചെയ്ത Our Great National Parks എന്ന ഡോക്യുമെന്ററിയുടെ വിവരണത്തിനാണ് പുരസ്‌കാരം. ഒബാമയും ഭാര്യ മിഷേലും ചേര്‍ന്നുള്ള പ്രൊഡക്ഷന്‍ കമ്പനിയായ  Higher Ground അഞ്ച് ഭാഗങ്ങളായുള്ള ഡോക്യുമെന്ററി ഒരുക്കുന്നതിലും ഭാഗമാണ്. 

ലോകമെമ്പാടും ഉള്ള ദേശീയ പാര്‍ക്കുകളും വന്യജീവിതവുമാണ് ഈ ഡോക്യുമെന്ററി പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒരാള്‍ മത്സരവിഭാഗത്തില്‍ എമ്മി നേടുന്നത് ഇത് ആദ്യമായാണ്. എല്ലാ വിഭാഗങ്ങളും കണക്കിലെടുത്താല്‍ രണ്ടാമത്തെ അമേരിക്കന്‍ നേതാവും. ഡൈ്വറ്റ് ഐസന്‍ഹോവര്‍ 1956-ല്‍ എമ്മി നേടിയിരുന്നു. ഓണററി പുരസ്‌കാരമായിരുന്നു അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് കിട്ടിയത്. 

ഡേവിഡ് അറ്റന്‍ബറോ, ലുപിറ്റ ന്യൂങോ, കരീം അബ്ദുള്‍ ജബ്ബാര്‍, കമൗ ബെല്‍ തുടങ്ങിയ പ്രശസ്തരെ പിന്തള്ളിയാണ് ഒബാമ പുരസ്‌കാരം നേടിയത്. ഇതാദ്യമായല്ല ഒബാമ ജനപ്രിയ പുരസ്‌കാരം നേടുന്നത്.   The Audacity of Hope, A Promised Land എന്നീ രണ്ട് ഓര്‍മക്കുറിപ്പുകളുടെ ഓഡിയോ ബുക്ക് വായനക്ക് അദ്ദേഹത്തിന് ഗ്രാമി പുരസ്‌കാരം കിട്ടിയിട്ടുണ്ട്. വേറെയും നിരവധി അവാര്‍ഡുകള്‍ ഇതേ വായനക്ക് ഒബാമക്ക് കിട്ടിയിട്ടുണ്ട്. തീര്‍ന്നില്ല. Best Documentary Feature വിഭാഗത്തില്‍ ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററി അമേരിക്കന്‍ ഫാക്ടറിയുടെ അണിയറയിലും ഒബാമയുടെ പ്രൊഡക്ഷന്‍ കമ്പനിയാണ്. സമാധാനത്തിനുള്ള നോബലും പിന്നെ രാഷ്ട്രീയ രംഗത്തെ മറ്റ് പുരസ്‌കാരങ്ങള്‍ക്കും പുറമെ ഒബാമയുടെ വീട്ടിലെ അലമാരയില്‍ നിരന്നിരിക്കുന്ന അവാര്‍ഡുകളില്‍ കലാപ്രവര്‍ത്തനത്തിലും ഉള്ള നിരവധി പുരസ്‌കാരങ്ങളും ഉണ്ട് എന്നര്‍ത്ഥം. EGOT (Emmy, Grammy, Oscar, Tony )എന്ന നേട്ടത്തിലേക്ക് രണ്ടു ചുവടു വെച്ച് കഴിഞ്ഞിരിക്കുന്നു ഒബാമ. പതിനേഴ് പേര്‍ മാത്രമുള്ള പട്ടികയില്‍ ഉള്‍പ്പെടാന്‍ രണ്ട് കാതം മാത്രം ബാക്കി. 

രണ്ടാമത്തെ പേര് ചാഡ്വിക്ക് ബോസ്മാന്റേത്. മരണാനന്തര ബഹുമതിയായി എമ്മി ബോസ്മാന്‍ നേടിയത് ശബ്ദത്തിലൂടെയുള്ള മികച്ച ഭാവപ്രകടനത്തിന്. ഡിസ്‌നി പ്ലസ് സീരീസായ What if ല്‍  T'Challa എന്ന കഥാപാത്രമായുള്ള പ്രകടനമാണ് ബോസ്മാന് പുരസ്‌കാരം നേടിക്കൊടുത്തത്. മാര്‍വല്‍ സിനിമാപ്രപഞ്ചത്തില്‍ ബോസ്മാന്റെ അവസാനത്തെ അവതാരമായിരുന്നു അത്. ബോസ്മാന്റെ ആദ്യ എമ്മി നോമിനേഷന്‍ ആയിരുന്നു അത്. ജൂലി ആന്‍ഡ്രൂസ്, മുറേ എബ്രഹാം, മായ റുഡോള്‍ഫ്, ജെസ്സീക്ക വാള്‍ട്ടര്‍ തുടങ്ങിയവരെ പിന്തള്ളിയാണ് നേട്ടം. കോടിക്കണക്കിന് പേരുടെ ആരാധനാപാത്രമായി ബോസ്മാനെ മാറ്റിയ ബ്ലാക്ക് പാന്തര്‍ കഥാപാത്രത്തിന്റെ മറ്റൊരു അവതരണമാണ് മരണാനന്തരമായി ആദ്യ എമ്മി പുരസ്‌കാരം ബോസ്മാന് നേടിക്കൊടുത്തത്. 

ഭര്‍ത്താവിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റു വാങ്ങാനെത്തിയ ടെയ്‌ലര്‍ സിമോണ്‍ വികാരാധീനയായപ്പോള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകര്‍ക്കും അതൊരു സങ്കടമുഹൂര്‍ത്തമായി. കോളണ്‍ ക്യാന്‍സറിനോട് പൊരുതി ബോസ്മാന്‍ വീണുപോയത് 2020-ല്‍ നാല്‍പത്തി മൂന്നാം വയസ്സിലാണ്.

Adale, Lizzo, Greg Whiteley, Bridget Stokes, Peter Jackson, Paul Dugdale, RuPaul തുടങ്ങിയവരും  The Beatles: Get Back, George Carlin's American Dream , When Claude Got Shot   Love on the Spectrum, When These Walls Come Tumbling Down, 100 Foot Wave: Chapter IV - Dancing with God, Life Below Zero തുടങ്ങിയ പരിപാടികളും വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 


 

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്