ദില്ലിയിലെ ലിറ്റിൽ ടിബറ്റ്, 'മജ്നു കാ ടില്ല'; പേരിന് പിന്നിലെ 500 വർഷം പഴക്കമുള്ള ചരിത്രം

Published : Oct 29, 2026, 11:18 AM IST
Majnu ka Tila

Synopsis

ലൈലാ-മജ്നു പ്രണയകഥയുമായി ഈ പേരിന് യാതൊരു ബന്ധവുമില്ല. 1505 -ൽ സിക്കന്ദർ ലോധിയുടെ ഭരണകാലത്താണ് ഈ കഥ ആരംഭിക്കുന്നത്. ഇറാനിൽ നിന്നോ ഇറാഖിൽ നിന്നോ എത്തിയ അബ്ദുള്ള എന്ന സൂഫി വര്യൻ യമുനാ നദിക്കരയിലെ ഒരു കുന്നിൻ മുകളിൽ ഏകാന്തനായി പ്രാർത്ഥനകളിൽ മുഴുകി ജീവിച്ചിരുന്നു.

ദില്ലിയുടെ വടക്കൻ ക്യാമ്പസിന് സമീപം യമുനാ തീരത്ത് സ്ഥിതി ചെയ്യുന്ന 'മജ്നു കാ ടില്ല' വളരെ പ്രശസ്തമാണ്. ഇൻസ്റ്റഗ്രാം കഫേകൾക്കും ടിബറ്റൻ ഭക്ഷണരീതികൾക്കും ഫാഷൻ മാർക്കറ്റുകൾക്കും പ്രശസ്തമായ ഇവിടമിപ്പോൾ 'ലിറ്റിൽ ടിബറ്റ്' എന്നാണ് അറിയപ്പെടുന്നത്. 1959 -ലെ ടിബറ്റൻ പ്രക്ഷോഭത്തിനും ദലൈലാമയുടെ നാടുകടത്തലിനും ശേഷമാണ് ഈ പ്രദേശം ഒരു ടിബറ്റൻ അഭയാർത്ഥി കേന്ദ്രമായി മാറിയത്. എന്നാൽ, 'മജ്നു കാ ടില്ല' എന്ന പേരിന് 500 വർഷത്തിലേറെ പഴക്കമുള്ള മറ്റൊരു ചരിത്രമുണ്ടെന്ന കാര്യം പലർക്കും അജ്ഞാതമാണ്.

പേരിന് പിന്നിലെ ചരിത്രം

ലൈലാ-മജ്നു പ്രണയകഥയുമായി ഈ പേരിന് യാതൊരു ബന്ധവുമില്ല. 1505 -ൽ സിക്കന്ദർ ലോധിയുടെ ഭരണകാലത്താണ് ഈ കഥ ആരംഭിക്കുന്നത്. ഇറാനിൽ നിന്നോ ഇറാഖിൽ നിന്നോ എത്തിയ അബ്ദുള്ള എന്ന സൂഫി വര്യൻ യമുനാ നദിക്കരയിലെ ഒരു കുന്നിൻ മുകളിൽ (ടില്ല) ഏകാന്തനായി പ്രാർത്ഥനകളിൽ മുഴുകി ജീവിച്ചിരുന്നു. ദൈവസ്നേഹത്തിൽ മുഴുകി ജീവിച്ചിരുന്ന അദ്ദേഹത്തെ പ്രദേശവാസികൾ 'മജ്നു' (പ്രണയത്തിൽ മുഴുകിയവൻ അല്ലെങ്കിൽ ഭ്രാന്തൻ) എന്ന് വിളിച്ചു. ദൈവത്തിനോടുള്ള സേവനമെന്ന നിലയിൽ അദ്ദേഹം ആളുകളെ സൗജന്യമായി യമുനാനദി കടത്തിവിട്ടിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തന്റെ യാത്രകൾക്കിടയിൽ സിഖ് മതത്തിന്റെ ആദ്യ ഗുരുവായ ഗുരു നാനാക് ദേവ് ഡൽഹിയിലെത്തുകയും മജ്നുവിനെ കണ്ടുമുട്ടുകയും ചെയ്തു. ബ്രിജ് കിഷൻ ചന്ദീവാലയുടെ 'ദില്ലി കീ ഖോജ്' എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച്, ദില്ലിയിലെത്തിയ ഗുരു നാനാക് തങ്ങിയത് മജ്നുവിനൊപ്പമായിരുന്നു. ഗുരു നാനാകിന്റെ ഉപദേശങ്ങളിൽ ആകൃഷ്ടനായ മജ്നു അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. മജ്നുവിന്റെ ഭക്തിയിൽ പ്രീതനായ ഗുരു നാനാക്, ആ കുന്നിൻ പ്രദേശം മജ്നുവിന്റെ പേരിൽ അറിയപ്പെടുമെന്ന് അനുഗ്രഹിച്ചു. അങ്ങനെയാണ് 'മജ്നു കാ ടില്ല' എന്ന പേരുണ്ടാകുന്നത്.

സിഖ് ചരിത്രത്തിൽ ഈ പ്രദേശത്തിന് വലിയ പ്രാധാന്യമുണ്ട്. ആറാം സിഖ് ഗുരുവായ ഗുരു ഹർ ഗോവിന്ദ് ജി മുഗൾ ചക്രവർത്തി ജഹാംഗീറുമായുള്ള കൂടിക്കാഴ്ചകളുടെ സമയത്ത് ഇവിടെ തങ്ങിയിരുന്നു. ഏഴാം സിഖ് ഗുരുവായ ഗുരു ഹർ റായിയുടെ മൂത്ത മകൻ റാം റായും ഔറംഗസീബിന്റെ ദർബാറിലേക്ക് പോകും വഴി ഇവിടെ താമസിച്ചിട്ടുണ്ട്.

1783 -ൽ സിഖ് സൈനിക തലവനായ സർദാർ ബഗേൽ സിംഗ്, ഗുരു നാനാകിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം ഇവിടെ 'ഗുരുദ്വാര മജ്നു ടില്ല സാഹിബ്' നിർമ്മിച്ചു. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മഹാരാജാ രഞ്ജിത് സിംഗ് നൽകിയ ഭൂമിയിലാണ് ഇന്നത്തെ പ്രശസ്തമായ ഈ സിഖ് തീർത്ഥാടന കേന്ദ്രം നിലകൊള്ളുന്നത്. ദില്ലിയിലെ ഏറ്റവും പഴക്കമുള്ള സിഖ് ആരാധനാലയങ്ങളിൽ ഒന്നാണിത്.

PREV
Read more Articles on
click me!

Recommended Stories

മണ്ണിലിറങ്ങി ദൈവങ്ങൾ! വടക്കൻ കേരളത്തിൽ തെയ്യക്കാലത്തിന് തുടക്കമായി
മത്തങ്ങ മോഷ്ടിച്ച് നവദമ്പതികള്‍ക്ക് നല്‍കും, തണ്ടിന്റെ ഭാഗം വധു കഴിക്കണം, ആൺകുഞ്ഞ് പിറക്കും! വിചിത്രമായൊരു വിവാഹാചാരം