കാലാവസ്ഥ വ്യതിയാനം: അന്റാര്‍ട്ടിക്കയില്‍  പച്ചനിറത്തിലുള്ള ഹിമാനികള്‍

By Gopika SureshFirst Published Jun 29, 2020, 12:42 PM IST
Highlights

ആല്‍ഗകള്‍ മൂലമാണ് ഇത്തരത്തില്‍ പച്ചനിറത്തില്‍ ഹിമാനികള്‍ ഉണ്ടാകുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം താപനില കൂടുമ്പോള്‍ ആല്‍ഗകള്‍ കൂടുതല്‍ ഭാഗത്തേക്ക് വികസിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 

 

കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി  അന്റാര്‍ട്ടിക്കന്‍ ഉപദ്വീപില്‍ പച്ചനിറത്തില്‍ ഹിമാനികള്‍ പ്രത്യക്ഷപ്പെടുന്നതായികണ്ടെത്തി. കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആന്‍ഡ്ര്യു ഗ്രേ നേതൃത്വം നല്‍കിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പച്ചനിറത്തില്‍ പ്രത്യക്ഷപ്പെട്ട അന്റാര്‍ട്ടിക്കന്‍ ഹിമാനികളെ കുറിച്ചുള്ള ആദ്യ പഠനമാണിത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

ആല്‍ഗകള്‍ മൂലമാണ് ഇത്തരത്തില്‍ പച്ചനിറത്തില്‍ ഹിമാനികള്‍ ഉണ്ടാകുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം താപനില കൂടുമ്പോള്‍ ആല്‍ഗകള്‍ കൂടുതല്‍ ഭാഗത്തേക്ക് വികസിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 

ഇത്തരത്തിലുള്ള പച്ച ഹിമ-ആല്‍ഗകള്‍ കാണപ്പെട്ടത്  അന്റാര്‍ട്ടിക്ക് ഉപദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപുകളിലാണ്. തെക്കന്‍ അര്‍ദ്ധഗോളത്തില്‍  നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് വേനല്‍ക്കാലം. ഈ സമയത്ത് ശരാശരി താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കുന്ന അന്റാര്‍ട്ടിക്കയിലെ 'ചൂടുള്ള' പ്രദേശങ്ങളിലാണ് ഇവ വളരുന്നത്. കൂടുതല്‍ ചൂടാകുന്ന അന്റാര്‍ട്ടിക്കന്‍ താപനിലയുള്ള പ്രദേശങ്ങള്‍ ഇത്തരത്തിലുള്ള പച്ച  ആല്‍ഗകള്‍ക്ക് വളരാന്‍ കൂടുതല്‍ വാസയോഗ്യമായ അന്തരീക്ഷം സൃഷ്ടിക്കും. 

ഇവയ്ക്ക് വളരാന്‍ നനഞ്ഞ മഞ്ഞുള്ള പ്രദേശങ്ങളും ആവശ്യമാണ്.  കടല്‍പ്പക്ഷികളും സസ്തനികളും ഇവയുടെ വിതരണത്തെ ശക്തമായി സ്വാധീനിക്കുന്നു. ജീവികളുടെ  വിസര്‍ജ്യത്തില്‍ വലിയതോതില്‍ പോഷകഗുണമുള്ളതിനാല്‍  ഇവ  ആല്‍ഗകളുടെ വളര്‍ച്ച വളരെയധികം ത്വരിതപ്പെടുത്തുന്നു. ഒരു പെന്‍ഗ്വിന്‍ കോളനിയുടെ അഞ്ച് കിലോമീറ്ററിനുള്ളില്‍ 60 ശതമാനത്തിലധികം  പച്ച ഹിമ-ആല്‍ഗകള്‍ കാണപ്പെട്ടു. 

ഒറ്റക്കൊറ്റയ്ക്ക് അളക്കുമ്പോള്‍ ഈ അല്‍ഗേകള്‍ വളരെയധികം സൂക്ഷ്മമാണ്. എങ്കിലും അന്തരീക്ഷത്തില്‍ നിന്നും ഇവയെ കൂട്ടമായി നിരീക്ഷിക്കുമ്പോള്‍ ഇവ ഇളംപച്ച നിറത്തിലാകും കാണപ്പെടുക. 1675 ആല്‍ഗകള്‍ ആണ് പഠനസംഘം ഇവിടെ കണ്ടെത്തിയത്.  ഒരുമിച്ചു കൂട്ടിയാല്‍ ഏകദേശം 1.95 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരത്തോളം മൂടിക്കളയാന്‍ ശേഷിയുള്ളതാണ് ഇവ. പക്ഷിമൃഗാദികളുടെ കോളനികളുടെ അടുത്ത് ആല്‍ഗകള്‍ കൂടാന്‍ സാധ്യത ഉള്ളതിനാല്‍ ചൂടുകൂടുന്നതിനനുസരിച്ചു അല്‍ഗകളും കൂടാന്‍ സാധ്യതയുണ്ടന്ന് പഠനം വിലയിരുത്തുന്നു.

click me!