അഞ്ചില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍: പാലാ ബിഷപ്പിന്റെ  പ്രസ്താവനയ്ക്ക് പിന്നിലെന്താണ്?

By Biju SFirst Published Jul 28, 2021, 9:00 PM IST
Highlights

എസ് ബിജു എഴുതുന്നു: പാലാ മെത്രാന്‍ പരസ്യമായി പറഞ്ഞത്, നമ്മുടെ നാട്ടിലെ പല സംഘടിത ശക്തികളും, അടക്കംപറഞ്ഞ് മുമ്പേ ചെയ്യുന്നതാണ് എന്നാണ്. ഇത്തരത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ക്രൈസ്തവ സഭ പലയിടത്തും സംഘടിത ശ്രമം നടത്തുന്നു എന്നത് വലിയ രഹസ്യമൊന്നുമല്ല.

പ്രസവ ചെലവ് മുതല്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക സഹായം അടക്കം വമ്പന്‍ വാഗ്ദാനങ്ങളാണ് പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപനത്തിലുള്ളത്. 2000 -ന് ശേഷം വിവാഹിതരായവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും പ്രതിമാസം 1500 രൂപയുടെ പ്രത്യേക സഹായം, സഭാ സ്ഥാപനങ്ങളില്‍ ജോലി, കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനടക്കം പിന്തുണ അങ്ങനെ വാഗ്ദാനങ്ങള്‍ തുടരുന്നു. പാലായിലെ വാഗ്ദാന പെരുമഴ ഇടുക്കിയിലും ചെറുമഴകള്‍ പെയ്യിക്കുന്നുണ്ട്.

 

 

പാലാ വഴി കടന്നു പോകുമ്പോള്‍ എന്നെ എപ്പോഴും ആകര്‍ഷിക്കുന്നത് ബിഷപ്പ് ഹൗസാണ്. നല്ല ഗരിമയും ആഢ്യത്തവും ഉള്ള വളപ്പ്. വിശ്വാസികളിലും, അവിശ്വാസികളിലും മെത്രാന്റെ സ്വാധീനം പാലായ്ക്ക് പുറത്തക്കും പ്രകടമാണ്.  പട്ടണത്തിനടുത്ത്, എന്നാല്‍ തിരക്കില്‍ നിന്നൊഴിഞ്ഞുനില്‍ക്കുന്ന ഈ മെത്രാന്‍ ഭവനത്തിലെ കല്‍പ്പനകള്‍ക്ക് അതിനാല്‍ തന്നെയാണ് കേരളം കാതോര്‍ക്കുന്നത്. 

അഞ്ച് കുട്ടികള്‍ ഉണ്ടെങ്കില്‍ പ്രത്യേക സഹായം വാഗ്ദാനം ചെയ്ത്  പാലാ രൂപതയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വാര്‍ത്തയായതും അതിനാലാണ്.  കുട്ടികള്‍ ഒന്നായി ചുരുക്കിയാല്‍ ആനുകൂല്യങ്ങള്‍, മൂന്നാണെങ്കില്‍ പരിരക്ഷ കുറയ്ക്കുമെന്നും പിഴ അടക്കം നടപടികളുണ്ടാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. യു.പി പോപ്പുലേഷന്‍ കണ്‍ട്രോള്‍ സ്റ്റബിലൈസേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ബില്ല് നിയമമാക്കാനുള്ള ത്വരിത നടപടികളിലാണ് യോഗി. കുട്ടികള്‍ രണ്ടില്‍ കൂടുതലായാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിസ്വ ശര്‍മ്മയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

പ്രസവിക്കാന്‍ വയ്യെങ്കില്‍ മലയാളികള്‍ എത്രയും പെട്ടെന്ന് ഇനി യു പിയിലേക്കും അസമിലേക്കും വണ്ടി പിടിക്ക്. ഇവിടെയുള്ള ഭയ്യാമാരും ബംഗാളികളും വഴി പറഞ്ഞു തരും.  അതു പോലെ കൂടുതല്‍ കുട്ടികളെ ആഗ്രഹിക്കുന്ന ഉത്തര്‍പ്രദേശുകാര്‍ക്കും ആസാമികള്‍ക്കും കുടുംബവുമായി പാലായിലേക്ക് വണ്ടി പിടിക്കാം. കൂടുമാറുന്നവര്‍ക്ക് വിശ്വാസം മാറേണ്ടി വരുമായിരിക്കും, നിലനില്‍പ്പിനും, ആനുകൂല്യത്തിനുമായി. അതൊന്നും വലിയ കാര്യമല്ലായിരിക്കും. ഇതൊക്കെ എത്രയോ കാലമായി നമ്മുടെ നാട്ടില്‍ നടക്കുന്നു. രേഖകളില്‍ ഒരു മതം, വിശ്വാസം മറ്റൊന്ന് എന്നതാണ് ആനുകൂല്യ കാര്യത്തില്‍ നമ്മുടെ ഒത്തുതീര്‍പ്പ്.

സഭയുടെ ക്ഷേമപദ്ധതികള്‍

പ്രസവ ചെലവ് മുതല്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക സഹായം അടക്കം വമ്പന്‍ വാഗ്ദാനങ്ങളാണ് പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപനത്തിലുള്ളത്. 2000 -ന് ശേഷം വിവാഹിതരായവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും പ്രതിമാസം 1500 രൂപയുടെ പ്രത്യേക സഹായം, സഭാ സ്ഥാപനങ്ങളില്‍ ജോലി, കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനടക്കം പിന്തുണ അങ്ങനെ വാഗ്ദാനങ്ങള്‍ തുടരുന്നു. പാലായിലെ വാഗ്ദാന പെരുമഴ ഇടുക്കിയിലും ചെറുമഴകള്‍ പെയ്യിക്കുന്നുണ്ട്.

യു.പിയിലും അസമിലുമൊക്കെ രണ്ടില്‍ കൂടുതല്‍ കുട്ടുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി കൊടുക്കില്ലത്രേ. തദ്ദേശസ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ പറ്റില്ല, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തും തുടങ്ങി പല വ്യവസ്ഥകള്‍. കുട്ടികള്‍ കൂടുന്നതിന് അനുസരിച്ച് റേഷന്‍ മുതല്‍ വൈദ്യുതി വരെയുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണവും ഉണ്ട്.

2012-ലെ കണക്കനുസരിച്ച് 20.42 കോടിയുള്ള യുപിയില്‍ ജനസംഖ്യ വര്‍ദ്ധനവ് താങ്ങാനുള്ള ശേഷി ഇനിയുമില്ലെന്നാണ് യോഗി പറയുന്നത്. ബംഗ്ളാദേശ് മുതല്‍ ബര്‍മ്മയും, എന്തിന് അഫ്ഗാനികള്‍ വരെ വന്നു ചേരുന്നതിനാല്‍ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കാന്‍ നോക്കിയതാണ് അസമിലെ ഹിമന്ത് ബിസ്വ. ഇനി നാട്ടുകാര്‍ പ്രസവം നിയന്ത്രിച്ചേ പറ്റൂന്നുള്ള കര്‍ശന നിപാടിലാണ് അദ്ദേഹം.  ഈ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ നിലപാടുകളിലെ ശരി തെറ്റുകളും , ഉദ്ദേശ്യലക്ഷ്യങ്ങളും അന്തര്‍ധാരകളുമൊക്കെ വിശദമായി പരിശോധിക്കേണ്ടതുണ്ട്.  

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ നേരത്ത് പിന്നെ എന്ത് കൊണ്ടാവും പാലാ മെത്രാന്‍ ഇത്തരത്തിലൊരു നിലപാട് എടുത്തത്?

ജനനനിരക്കിലെ കണക്കും കാര്യവും

പാലാ മെത്രാന്‍ പരസ്യമായി പറഞ്ഞത്, നമ്മുടെ നാട്ടിലെ പല സംഘടിത ശക്തികളും, അടക്കംപറഞ്ഞ് മുമ്പേ ചെയ്യുന്നതാണ് എന്നാണ്. ഇത്തരത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ക്രൈസ്തവ സഭ പലയിടത്തും സംഘടിത ശ്രമം നടത്തുന്നു എന്നത് വലിയ രഹസ്യമൊന്നുമല്ല. ആദ്യമായി ഇക്കാര്യം പറഞ്ഞത് പാലാ മെത്രാനുമല്ല.കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ കുറയുന്നതില്‍ ആശങ്കപ്പെട്ട് 2019-ല്‍ ചങ്ങനാശ്ശേരി രൂപത ഇടയലേഖനം ഇറക്കിയിരുന്നു. 

കേരള സംസ്ഥാന രുപീകരണ സമയത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ഇന്ന് മൂന്നാം സ്ഥാനത്തേക്ക് പോയതില്‍ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആശങ്കപ്പെട്ടിരുന്നു. ജനനനിരക്കില്‍ 14 ശതമാനം കുറഞ്ഞ് ക്രൈസ്തവ ജനസംഖ്യ 18.38 ശതമാനമായി ചുരുങ്ങുന്നതില്‍ വ്യസനിച്ചിരുന്നു, ആ ഇടയലേഖനം.  
പ്രത്യക്ഷത്തില്‍ ക്രൈസ്തവ സഭയുടെ ന്യായീകരണം ''ദൈവം തരുന്നത് നശിപ്പിക്കാനോ, തടയാനോ നിയന്ത്രിക്കാനോ മനുഷ്യന് അവകാശമില്ല'' എന്നതാണ്. ലോകമൊട്ടാകെ കത്തോലിക്കസഭ ഗര്‍ഭനിയന്ത്രണത്തെയും ഭ്രൂണഹത്യയെയും പാപമായി കാണുന്നു. പക്ഷേ ഇവിടെ കാരണം മറ്റൊന്നാണ്. ഈ കണക്കുകള്‍ പരിശോധിക്കാം.  

അവലംബം: 2011 ഭാരത സര്‍ക്കാര്‍ സെന്‍സസ്. www.census2011.co.in     

 

ജനസംഖ്യാ വര്‍ദ്ധന: കണക്കുകള്‍ പറയുന്നത് 

2001-2011 കാലയളവില്‍ യു.പിയിലും, അസമിലുമൊക്കെ ജനസംഖ്യ വളര്‍ന്നത് 17 ശതമാനത്തിലേറെയാണ്. കേരളത്തില്‍   4.91% ജനസംഖ്യാ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. മലപ്പുറത്ത് 13 ശതമാനത്തിലധികമാണ് വര്‍ദ്ധന. കാസര്‍ഗോഡും, പാലക്കാടും, കോഴിക്കോടും താരതമ്യേന കാര്യമായ ജനസംഖ്യ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പക്ഷേ ശ്രദ്ധേയമായ കാര്യം പത്തനംതിട്ടയുടെയും ഇടുക്കിയുടെയും കാര്യമാണ്. അവിടെ പടവലങ്ങയുടെ വളര്‍ച്ച പോലെയാണ് കാര്യങ്ങള്‍.  യഥാക്രമം 2.97 ശതമാനവും 1.79 ശതമാനവും ജനസംഖ്യ കുറയുകയാണ് ചെയ്തിട്ടുള്ളത്. ഇതും പാലാ മെത്രാന്റെ പ്രസ്താവനയും കൂട്ടിവായിക്കണം. കോട്ടയത്താകട്ടെ കേവലം 1.07 ശതമാനം മാത്രമേ ജനസംഖ്യ ഉയര്‍ന്നിട്ടുള്ളു. 

ജനസംഖ്യ വര്‍ദ്ധന കുറഞ്ഞ ഈ ജില്ലകളില്‍ കാര്യമായ സ്വാധീനമുള്ള മതവിഭാഗമാണ് ക്രൈസ്തവര്‍. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന ചിന്തയാവാം ക്രൈസ്തവ പുരോഹിതരുടെ ജനസംഖ്യ പ്രോത്സാഹന നയത്തിന് കാരണം. ജനപ്രതിനിധികള്‍ തൊട്ട് ആനുകൂല്യങ്ങള്‍ വരെ ജാതി-മതസംഖ്യാ ആനുപാതത്തിലാണ് നിശ്ചയിക്കപ്പെടുന്നത് എന്ന വാസ്തവം ഇപ്പോള്‍ 'പ്രബുദ്ധരായ' നാം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. 


കുടിയേറ്റം എന്ന ഘടകം 

മേല്‍പട്ടിക പരിശോധിച്ചാല്‍ രണ്ട് കാര്യങ്ങള്‍ കൂടി മനസ്സിലാകും. സാക്ഷരത നിലവാരം കൂടിയ ജില്ല പാലായടങ്ങിയ കോട്ടയമാണ്. തൊട്ടടുത്ത് പത്തനംതിട്ട. മാത്രമല്ല ഇവിടങ്ങളില്‍ പെണ്‍കുട്ടികള്‍ നല്ല ഉന്നതവിദ്യാഭ്യാസമുള്ളവരുമാണ്. അപ്പോള്‍ പിന്നെ ആനുകുല്യങ്ങളും വാഗ്ദാനങ്ങളും  പ്രഖ്യാപിക്കുകയെ നിര്‍വാഹമുള്ളു. ഒന്ന് കൂടി പ്രസവിച്ചാല്‍ ഒരു എന്‍ജിനീയറിങ്ങ് സീറ്റ് കൂടി ഫ്രീ.  എന്‍ജിനീയറിങ്ങ് കോളേജുകളില്‍ ഏതായാലും പഠിക്കാന്‍ ആളെ കിട്ടാന്‍ നെട്ടോട്ടമാണ്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം. മക്കളെ നഴ്സിങ്ങിനയച്ച്  യൂറോപ്പിലും, അമേരിക്കയിലും, ഓസേട്രേലിയയിലുമൊക്കെ കുടിയേറലാണ് മധ്യ തിരുവിതാംകൂര്‍ ക്രിസ്ത്യാനികളുടെ രീതി എന്നതിനാല്‍, ജനസംഖ്യ വീണ്ടും കുറയും. ഇപ്പോള്‍ ഹോട്ടല്‍ മാനേജ്‌മെന്റും, ഐടിയും കൂടിയാകുമ്പോള്‍ വാഗ്ദത്ത ഭുമികളിലേക്ക് അവസരം കൂടുന്നു. അപ്പോള്‍ വിണ്ടും ജനസംഖ്യ കുറയാം.

അതേ സമയം മുസ്ലിംകളാവട്ടെ, നമ്മുടെ നാട്ടില്‍ നിന്ന് -പ്രത്യേകിച്ച് മലബാറില്‍ നിന്ന് -ധാരാളമായി ഗള്‍ഫില്‍ പോകുന്നുണ്ട്. പക്ഷേ പോയ വേഗത്തില്‍ വരുന്നുമുണ്ട്. ശീത ക്രൈസ്തവ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറബ് രാജ്യങ്ങളില്‍ ആവശ്യത്തിനോ അധികമോ ജനസംഖ്യയുണ്ട്. അവിടെ കുടിയേറാന്‍ എളുപ്പമാവില്ല.  അവര്‍ക്ക് തിരിച്ചു വന്നേ പറ്റൂ. കൂനിന്‍ മേല്‍ കുരുവെന്ന പോലെ കൊവിഡും കൂടിയായപ്പോള്‍ ഗള്‍ഫിലെ അവസരങ്ങള്‍ വീണ്ടും മങ്ങുകയാണ്. 

ജനസംഖ്യാ വര്‍ദ്ധവ് നേരത്തേ പ്രകടമായ മലബാറില്‍ നിന്ന് പതിയെയാണെങ്കിലും കേരളത്തിലെ മറ്റിടങ്ങളിലേക്ക് കുടിയിറക്കം തുടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ വാദം. ഇത് തങ്ങളുടെ ജനസംഖ്യും സ്വാധീനവും വീണ്ടും ഇടിക്കുമെന്ന് ക്രൈസ്തവ പുരോഹിതര്‍ ആശങ്കപ്പെടുന്നു. വ്യക്തമായ ജാതി, മത, മേഖലാ കണക്കുകളുടെ അഭാവത്തില്‍ ഇതിലെ നിജസ്ഥിതി വ്യക്തമല്ല.

പണ്ട് മധ്യ തിരുവിതാംകൂറുകാര്‍ മലബാറിലേക്കാണ് കൂടിയേറുന്നതെങ്കില്‍ ഇന്ന് മലബാറില്‍ നിന്നൊരു വിഭാഗം തെക്കോട്ട് വസ്തുവകകള്‍ വാങ്ങി മാറുന്നു എന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു. തിരുവനന്തപുരവും, ആലപ്പുഴയും, കൊല്ലവുമൊക്കെ ജനസാന്ദ്രത കൂടിയ ഇടങ്ങളായതിനാല്‍ അവിടെ പരിമിതിയുണ്ടെന്നും അങ്ങനെയാണ് ജനസാന്ദ്രത കുറഞ്ഞു പോയ കോട്ടയവും ഇടുക്കിയും പത്തനംതിട്ടയുമൊക്കെ പുതിയ മേച്ചില്‍ പുറമാകുന്നതെന്ന് സഭ കരുതുന്നു. ഒരു കാലത്ത് മലബാറിലേക്ക് കുടിയേറാനായി വെട്ടിയ പാതകള്‍ മറിച്ചൊരു പ്രയാണത്തിന് വഴി തുറക്കുന്നുവോ? കണക്കുകള്‍ വരണം.

മാറ്റങ്ങളുടെ വഴികള്‍

മെത്രാന്‍മാരെ വിഷമവൃത്തിലാക്കുന്നത് തങ്ങളുടെ സമുദായം ജനസംഖ്യയുടെ കാര്യത്തില്‍ ദുര്‍ബലമാകുന്നതിനൊപ്പം മറ്റുള്ളവര്‍ പ്രബലമാകുന്നതിനാലാണ്. പൂഞ്ഞാറില്‍ പി.സി ജോര്‍ജ് പരാജയമറിഞ്ഞത് സാമുദായിക സമവാക്യങ്ങളിലെ മാറ്റത്താല്‍ കൂടിയായിരുന്നല്ലോ. ഒരു കാലത്ത് പ്രീണനവും, വിരട്ടലുമൊക്കെ  നടത്തിയ പി.സി ജോര്‍ജിന് അതേ നാണയത്തില്‍ തിരിഞ്ഞു കൊത്ത് കിട്ടിയത് സമകാലിക ചരിത്രം. തൊടുപുഴയില്‍ കോളേജ് അദ്ധ്യാപകന്റെ  കൈവെട്ട് കേസോടെ തുടങ്ങിയ ചേരിത്തിരിവ് പ്രകടമായി തുടങ്ങി. ലവ് ജിഹാദ് വാദം ഉയര്‍ത്തുന്നതില്‍ സംഘപരിവാറുകാര്‍ക്കൊപ്പം പട്ടക്കാരും ചേരുന്നത് അതോടെയാണ്. സ്വന്തം സമുദായങ്ങളിലേക്ക് ഇതര മതവിഭാഗക്കാര്‍ വരുന്നതിനെ ഘര്‍വാപസിയും സുവിശേഷവുമായി കണ്ടിരുന്നവര്‍ തങ്ങളുടെ കുഞ്ഞാടുകള്‍ കൂടു മാറുമ്പോള്‍ ഉള്ള് തകര്‍ന്നു വിലപിക്കുന്നു. വിശ്വാസികളില്ലെങ്കില്‍ എന്ത് മെത്രാനും മുല്ലയും പൂജാരിയും!

അത് നന്നായി അറിയുന്നുത് കൊണ്ടാണ് കൂടുതല്‍ കുട്ടികള്‍ക്കായി പുതിയ ഇന്‍സെന്റീവ് പാക്കേജ് പ്രഖ്യാപിക്കപ്പെടുന്നത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന തരത്തില്‍ യു,പിയും അസമവും നിയമം കൊണ്ടു വന്നതില്‍ മാര്‍ഗ്ഗദര്‍ശികളായത് നമ്മള്‍ തന്നെയാണ്. ഇതേ ലക്ഷ്യത്തോടെ  2011-ല്‍ കൊണ്ടു വന്ന കേരള വിമന്‍സ് കോഡ് ബില്ലിനെ കത്തോലിക്ക സഭയോടൊപ്പം വിവിധ മതനേതൃത്വങ്ങളും സംഘടിതമായി എതിര്‍ത്ത് തോല്‍പ്പിച്ചിരുന്നു.

click me!