ആവേശം ചോരാതെ ആറന്മുള, ഓരോ കരക്കാരും കാത്തിരിക്കുന്ന ഉത്സവകാലം, ഇത് വള്ളസദ്യയുടെ നാളുകൾ

By Web TeamFirst Published Aug 19, 2022, 5:59 PM IST
Highlights

ക്ഷേത്രസമീപമെത്തുന്ന പള്ളിയോടത്തെ വഴിപാടുകാരൻ വെറ്റിലയും പുകയിലയും നൽകി മുത്തുക്കുടയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.

ആ​ഗസ്ത് നാലിന് തുടങ്ങിയ ആറന്മുള വള്ളസദ്യ. ഇന്നലെ അഷ്ടമി രോഹിണിയും കഴിഞ്ഞ് ആവേശം ചോരാതെ തുടരുകയാണ്. അന്നദാന പ്രഭുവായ ആറന്മുളേശന് ഭക്തർ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട്. 12 മണിയോട് കൂടി കരയോടടുക്കുന്ന പള്ളിയോടങ്ങളിൽ നിന്നും വഞ്ചിപ്പാട്ടിന്റെ ഈണവും താളവും. ആവേശത്തോടെ കരയിൽ നിന്നും ഇത് വീക്ഷിക്കുന്ന അടുത്തുള്ളവരും അകലെയുള്ളവരുമായ ഭക്തജനങ്ങൾ. നാൽപതോളം ആളുകൾ കയറിയ പള്ളിയോടങ്ങളെ ആവേശത്തോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നവർ. 

'ഇന്നലെ വരണായിരുന്നു, എന്തൊരു ജനങ്ങളായിരുന്നെന്നോ' എന്ന് ആത്മ​ഗതം പറയുന്നു ചിലർ. ഇന്നലെ ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ക്ഷേത്രം നിറയെ ആളുകളായിരുന്നുവത്രെ. 'അടുത്ത കാലത്തൊന്നും ക്ഷേത്രം ഇത്രയധികം ആളുകളെ കണ്ടിട്ടില്ല' എന്ന് കൂടി പറഞ്ഞു ചിലർ. ഓരോ വർഷവും ഓരോ കരക്കാരും കാത്തിരിക്കുന്നത് ഈ വള്ളസദ്യ വന്നെത്താനാണ്. ആറന്മുളക്കാരുടെ ഉത്സവകാലം. 'കുട്ടിക്കാലം തൊട്ടേ ഞങ്ങള് ഈ നാളിന് വേണ്ടി കാത്തിരിക്കും. വിദേശത്ത് പോയവർ പോലും നാട്ടിലെത്തുന്നത് മിക്കവാറും വള്ളസദ്യ കണക്കാക്കിയാണ്' എന്ന് കരക്കാർ തന്നെ പറയുന്നു. 

ആറന്മുള പാർത്ഥസാരഥി ക്ഷേത്രവും വള്ളസദ്യയും 

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പമ്പാനദിയോട് ചേർന്നു കിടക്കുന്ന ക്ഷേത്രം.  മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് ഇവിടെ പ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്ന്. ആറടിയിലധികം ഉയരം വരുന്നതാണ് വി​ഗ്രഹം. ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന കൃഷ്ണനെന്ന് സങ്കൽപം. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വി​ഗ്രഹം ആറന്മുളയിലേതത്രെ. 

എത്രയോ കാലങ്ങളായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാടാണ് വള്ളസദ്യ. ആ​ഗ്രഹപൂർത്തീകരണത്തിനായി ഭക്തർ സമർപ്പിക്കുന്നത്. ഇന്ന് ക്ഷേത്രത്തിലെത്തിച്ചേർന്നത് അഞ്ച് പള്ളിയോടങ്ങളാണ്. ഏത് ഭക്തന്റെയാണോ വഴിപാട് ആ ഭക്തൻ അന്നേ ദിവസം രാവിലെ ക്ഷേത്രത്തിലെത്തി പറ സമർപ്പിക്കുന്നു- ഒന്ന് പള്ളിയോടത്തിനും മറ്റൊന്ന് ഭ​ഗവാനുമാണ്. നേരത്തെ തന്നെ വഴിപാട് സമർപ്പിക്കാൻ പള്ളിയോടക്കരയിൽ നിന്നും അനുവാദം വാങ്ങിയിരിക്കും. 

ക്ഷേത്രസമീപമെത്തുന്ന പള്ളിയോടത്തെ വഴിപാടുകാരൻ വെറ്റിലയും പുകയിലയും നൽകി മുത്തുക്കുടയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. ഒരിക്കലും മുറിയാതെ വള്ളപ്പാട്ട് പാടിക്കൊണ്ടേയിരിക്കും അപ്പോഴും വള്ളത്തിലെത്തുന്നവർ. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കൊടിമരച്ചുവട്ടിലേക്ക്. മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവരുടെ നടയിൽ സമർപ്പിക്കുന്നു. 

'ചേനപ്പാടി ചേകവൻറ പാളത്തൈര് കൊണ്ടുവന്ന്, പാരിലേഴും ഭഗവാന് കൊണ്ടുവിളമ്പ്...' തുടങ്ങി ഈണം കേട്ടാൽ ഉറപ്പിച്ചോളൂ വള്ളസദ്യ വിളമ്പുകയാണ്. അറുപത്തിമൂന്നിനം കറികളുമായി ആറന്മുള വള്ളസദ്യ. വള്ളക്കാർ അകത്ത് കയറിയാലും ഭക്ഷണം കഴിക്കാറായില്ല. പാട്ടിലൂടെ ഓരോ വിഭവമായി ചോദിക്കുന്നു. വഴിപാടുകാരൻ ആ വിഭവം വിളമ്പുന്നു. ഒരിക്കലും ചോരാത്ത പാട്ടിന്റെ ആവേശം ഊട്ടുപുരയിൽ നിന്നും ഉച്ചത്തിൽ കേൾക്കാം. 

വള്ളക്കാർക്കും കൂപ്പണെടുക്കുന്നവർക്കും മാത്രമാണ് വള്ളസദ്യ കഴിക്കാനാവുക. ഉപ്പുമാങ്ങ മുതൽ ശർക്കരവരട്ടിയും ഉപ്പേരിയും പഴവും ഒഴിച്ചുകറിയും തൊടുകറിയും മൂന്ന് നാലു കൂട്ടം പായസവും എന്നുവേണ്ട ആറന്മുള്ള വള്ളസദ്യയിൽ ഇല്ലാത്തതായി വിഭവങ്ങളൊന്നുമില്ല എന്ന് പറയേണ്ടി വരും. 

വള്ളസദ്യ കരക്കാരുടെ ഉത്സവമാണ്. അവരുടെ ആവേശമാണ്. അതിൽ മുഴുവനായുമുള്ളത് ഓർമ്മ വച്ച കാലം തൊട്ട് അവർ കേട്ട് പഠിച്ച ഈണവും താളവുമാണ്. ആ​ഗസ്ത് നാലിന് തുടങ്ങിയ വള്ളസദ്യ തിരുവോണം വരെ നീളും. ഓരോ വർഷത്തെ വള്ളസദ്യ തീരുമ്പോഴും അവർ അടുത്ത വർഷത്തിനായി കാത്തിരിക്കുകയാണ്. 

ഓരോ ഭൂമിക്കും ഓരോ ഉത്സവകാലമുണ്ട്. അവരെ ആവേശത്തിലാറാടിക്കുന്ന, ഞങ്ങളുടേത് എന്ന് പറഞ്ഞ് നെഞ്ചിലേറ്റി നടക്കുന്ന ഒരു കാലം, ഇത് ആറന്മുളക്കാരുടെ ഉത്സവകാലമാണ്. 

click me!