ഹോങ്കോങ്ങിലെ തെരുവുകളിൽ ഇന്നും സജീവമായി നിലനിൽക്കുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള വിചിത്രമായ ഒരു ആചാരം. ശത്രുക്കളെ ചെരുപ്പൂരി അടിക്കാം. അതാണ് വില്ലന്‍ ഹിറ്റിംഗ്.

നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾക്കും കഷ്ടപ്പാടുകൾക്കും കാരണക്കാരായവരെ ഒന്ന് തല്ലാനായെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ? അക്രമം ശരിയല്ലെന്നറിയാമെങ്കിലും ചിലപ്പോൾ മനസിൽ അങ്ങനെ തോന്നിക്കാണും. എന്നാൽ, അങ്ങനെ പ്രതീകാത്മകമായി ശിക്ഷിക്കുന്ന 'വില്ലൻ ഹിറ്റിംഗ്' എന്ന വിചിത്രമായ ആചാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അതേ, ഹോങ്കോങ്ങിൽ ഇന്നും സജീവമാണ് ഈ ആചാരം. കാന്റണീസ് ഭാഷയിൽ 'ദാ സിയു യാൻ' എന്നറിയപ്പെടുന്ന ഈ ആചാരം, ദുർശക്തികളെയും ശത്രുക്കളെയും അകറ്റാൻ വേണ്ടിയാണ് നടത്തുന്നത്.

എന്താണ് ഈ ചടങ്ങ്?

നമ്മെ വിഷമിപ്പിക്കുന്ന സഹപ്രവർത്തകർ, മുൻ പങ്കാളികൾ അല്ലെങ്കിൽ തങ്ങൾക്ക് ദോഷം ചെയ്യുന്നു എന്ന് കരുതുന്ന ആരെങ്കിലുമാകാം ഇവിടെ 'വില്ലൻ'. അവരുടെ രൂപം ഒരു പേപ്പറിൽ വരച്ചെടുക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന്, ഈ ആചാരം ചെയ്യാൻ പരിശീലനം ലഭിച്ച ഒരു സ്ത്രീ ഈ പേപ്പർ രൂപത്തെ ഒരു പഴയ ചെരുപ്പുകൊണ്ട് ശക്തിയായി അടിക്കുന്നു. അടിക്കുന്നതിനോടൊപ്പം ശത്രുക്കളെയും ദുഷ്ടശക്തികളെയും അകറ്റാനുള്ള മന്ത്രങ്ങളും ഇവർ ഉരുവിടും. ഒടുവിൽ ഈ പേപ്പർ രൂപം തീയിലിട്ട് കരിച്ചുകളയുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് വിശ്വാസം.

Scroll to load tweet…

പരമ്പരാഗത ചൈനീസ് കലണ്ടർ പ്രകാരം മാർച്ചിലെ ആദ്യ വാരത്തിലാണ് ഈ ചടങ്ങ് പ്രധാനമായും നടക്കുന്നത്. പ്രാണികൾ ഉണരുന്ന കാലം എന്ന് അർത്ഥമുള്ള ഈ ദിവസം ദോഷഫലങ്ങൾ അകറ്റാൻ ഏറ്റവും അനുയോജ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ഹോങ്കോങ്ങിലെ കോസ്‌വേ ബേയിലുള്ള കനാൽ റോഡ് ഫ്ലൈഓവറിന് താഴെയാണ് ഈ 'വില്ലൻ ഹിറ്റർമാരെ' സാധാരണയായി കാണാറുള്ളത്. ഇന്ന് ഇതൊരു ആത്മീയ ചടങ്ങെന്നതിലുപരി വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സാംസ്കാരിക പരിപാടി കൂടിയാണ്.

ചിലർ ഈ ദിവസം 'വൈറ്റ് ടൈഗർ' എന്ന കാവൽരൂപത്തിന് വഴിപാടുകൾ അർപ്പിക്കാറുണ്ട്. ദൗർഭാഗ്യങ്ങളെ തടയാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. മനസ്സിനേൽക്കുന്ന വിഷമങ്ങളും ദേഷ്യവും പ്രതീകാത്മകമായി തീർക്കാൻ ഈ ആചാരം ആളുകളെ സഹായിക്കുന്നു.