ഭാഷാ പഠനം; എങ്ങനെയാണ് മനുഷ്യൻ അറിവ് സ്വന്തമാക്കുന്നത്?

By Arun AsokanFirst Published Feb 24, 2023, 2:33 PM IST
Highlights

ഒരു കുട്ടി എങ്ങനെയാണ് ഭാഷ സ്വന്തമാക്കുന്നതെന്ന് നിരീക്ഷിക്കുന്നതിലൂടെ മാത്രം കണ്ടെത്താൻ കഴിയുമോ? എസ് ജോസഫിന്‍റെ കവിതയിൽ എത്ര കവിത്വം ഉണ്ടെന്ന് അന്വേഷിക്കാൻ കവിതയെ തൂക്കിനോക്കിയാൽ മതിയാകുമോ? മലയാള സിനിമയിൽ എത്ര ഹൈന്ദവികത ഉണ്ടെന്ന് കണ്ടെത്താൻ സിനിമയുടെ റീലുകൾ നക്കി നോക്കിയാൽ മതിയാകുമോ?  


സാധാരണ മനുഷ്യർ അസാധാരണ കാര്യങ്ങളിൽ വിസ്മയിക്കും. അസാധാരണരായ മനുഷ്യർ സാധാരണ കാര്യങ്ങളിലും. മനുഷ്യരെപ്പോലെ സംസാരിക്കുന്ന റോബോട്ടിനെ കാണുമ്പോൾ വിസ്മയിച്ച് നിൽക്കുന്നവരാണ് ലോകത്തെ കൂടുതൽ മനുഷ്യരും. എന്നാൽ, രണ്ടുവയസ്സുകാരൻ  സംസാരിക്കുന്നതിലാണ് അസാമാന്യർ അതിശയിക്കുന്നത്. അങ്ങനെ ഉൾക്കാഴ്ചയുള്ള മനുഷ്യരുടെ അതിശയത്തിൽ നിന്നാണ് സംസാരിക്കുന്ന റോബോട്ട് ഉണ്ടാകുന്നത്. സംസാരിക്കുന്ന റോബോട്ടിനെ കണ്ടതിശയിക്കുന്നവർക്ക്, രണ്ട് വയസ്സുകാരന്‍റെ സംസാരത്തിന് മുന്നിൽ അതിശയിക്കുന്നവന്‍റെ ഉൾക്കാഴ്ച തിരിച്ചറിയാൻ കഴിയാതെ പോകുന്നതിൽ അത്ഭുതം ഒന്നുമില്ല. രണ്ട് വയസ്സുകാരൻ എങ്ങനെയാണ് ഇത്ര നന്നായി സംസാരിക്കുന്നത് എന്ന അറിവ് സ്വന്തമാക്കുക അത്ര എളുപ്പമല്ല. മനുഷ്യനുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരുപാട് കാര്യങ്ങളിൽ ഈ ബുദ്ധിമുട്ട് നിലനിൽക്കുന്നുണ്ട്. ആ ബുദ്ധിമുട്ട് എന്താണ് എന്നാണ് നമുക്ക് അറിയേണ്ടത്.

മനുഷ്യൻ അറിവ് സ്വന്തമാക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിൽ നിന്ന് വേണം തുടങ്ങാൻ. ചെടിയും വെള്ളവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച അറിവിനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു. ചെടിയും വെള്ളവും തമ്മിലുള്ള ബന്ധം നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും കണ്ടെത്തുന്നതെങ്ങനെയെന്നാണ് പറഞ്ഞത്. ആ കണ്ടെത്തൽ അനുസരിച്ച് വെള്ളം ഒഴിച്ചാൽ ചെടിക്ക് വളരാൻ കഴിയും. എന്നാൽ ആധുനികമായ രീതിയിൽ ഇതല്ല, ചെടിയും വെള്ളവും തമ്മിലുള്ള ബന്ധത്തിന്‍റെ തിയറി. ചെടിയുടെ ഉള്ളിലെത്തിയ വെള്ളം, ഏതേത് ഭാഗങ്ങളിലാണ് എത്തിയതെന്നും, അതെങ്ങനെ പ്രവർത്തിച്ചുവെന്നും, അതെങ്ങനെ ചെടിയ്ക്ക് അനുകൂലമായ രീതിയിൽ മാറിയെന്നും കണ്ടെത്തുമ്പോഴാണ് ശാസ്ത്രീയ സിദ്ധാന്തം ഉണ്ടാകുന്നത്. ഇതിനാണ് സയന്‍റിഫിക് എക്സ്പ്ലനേഷൻ എന്ന് പറയുന്നത്. ഇതിൽ നിന്നാണ് എത്ര വെള്ളം ഏതൊക്കെ സമയത്ത് ഒഴിച്ചാലാണ് ചെടിയിൽ നിന്ന് നല്ല വിളവ് കിട്ടുക എന്ന പ്രവചനം നടത്താൻ കഴിയുക. ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ ഏറ്റവും വലിയ മേന്മ അവയ്ക്ക് ശക്തമായ പ്രവചന ശേഷിയുണ്ടെന്നതാണ്. ആ പ്രവചനശേഷിയാണ് അവയുടെ പ്രയോഗക്ഷമതയ്ക്ക് കാരണവും. ഇത്തരം സിദ്ധാന്തങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത്? ഇവിടെയാണ് സയൻസ് എന്ന് വിളിക്കുന്ന ജ്ഞാന സമ്പാദന മാർഗത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്. എല്ലായിപ്പോഴും മറ്റെല്ലാ വിജ്ഞാന ശാഖകളും താരതമ്യം ചെയ്യപ്പെടുക ശാസ്ത്രവുമായാണ് (Hard science).

കൂടുതല്‍ വായിക്കാന്‍: ഭാഷാ പഠനം; മലയാളത്തിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു?
 
സിദ്ധാന്തം ഉണ്ടാകുന്നതെങ്ങനെ ? 

എങ്ങനെയാണ് തിയറി കണ്ടെത്തുന്നതെന്ന് ഒരു ശാസ്ത്രജ്ഞനോട് ചോദിച്ചുവെന്ന് കരുതുക. അദ്ദേഹത്തിന് അതിന് ഒരു ഉത്തരം ഉണ്ടായിക്കൊള്ളണമെന്നില്ല. ന്യൂട്ടന്‍റെ തലയിൽ ആപ്പിൾ വീണപ്പോൾ പെട്ടെന്ന് ഗുരുത്വാകർഷണം ഉദിച്ചുവെന്നാണല്ലോ കഥ. ആശയങ്ങൾ കിട്ടുമ്പോൾത്തന്നെ എഴുതിവയ്ക്കാൻ താങ്കൾ എപ്പോഴും ഒരു പുസ്തകം കയ്യിൽ കരുതാറുണ്ടോ എന്ന് ഒരിക്കൽ ഐൻസ്റ്റൈനോട് ഒരാൾ ചോദിക്കുകയുണ്ടായി. അങ്ങനെ എഴുതിവയ്ക്കാനും മാത്രം ആശയങ്ങളൊന്നും എനിക്ക് തോന്നാറില്ല എന്നായിരുന്നു ഐൻസ്റ്റൈന്‍റെ മറുപടി. ഉള്ളിൽ ഉദിക്കുന്ന ചോദ്യങ്ങളിൽ നിതാന്തവും നിരന്തരവുമായ ശ്രദ്ധ പതിക്കുന്നതിൽ നിന്നാകാം മഹാന്മാരായ ശാസ്ത്രജ്ഞരുടെ ഉള്ളിൽ മഹത്തരമായ ആശയങ്ങൾ ഉണ്ടാകുന്നത്. ഇത്തരം ആശയങ്ങൾക്ക് പിന്നിൽ ഓരോ ശാസ്ത്രജ്ഞന്‍റെയും അനുഭവം ആണോ, അനുഭവത്തിന് അതീതമായി മറ്റെന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

തന്‍റെ ചുറ്റും എന്തെല്ലാം വസ്തുക്കൾ വീഴുന്നതായി ന്യൂട്ടൻ കണ്ടിരിക്കാം. മഞ്ഞ് വീഴുന്നു, ഓറഞ്ച് വീഴുന്നു, മഞ്ഞിൽത്തെന്നി മനുഷ്യർ വീഴുന്നു. ഈ വീഴ്ചകൾ എല്ലാം കണ്ട് കണ്ട് ഒടുവിൽ ആപ്പിൾ വീഴുന്ന കാഴ്ചയിൽ നിന്ന് ന്യൂട്ടനിലേയ്ക്ക് ഗുരുത്വാകർഷണ നിയമം എത്തിയതാണോ? (ന്യൂട്ടന്‍റെ തലയിൽ ആപ്പിൾ വീണെന്ന കഥ ഞാൻ വിശ്വസിക്കുന്നുവെന്ന് ഇതിന് അർത്ഥം ഇല്ല). അങ്ങനെയെങ്കിൽ ഇന്ദ്രിയങ്ങളിലൂടെ കിട്ടിയ വിവരം മാത്രം ആശ്രയിച്ചാണ് ന്യൂട്ടൻ തന്‍റെ നിയമം കണ്ടെത്തിയതെന്ന് പറയേണ്ടിവരും. അതോ പലതരത്തിൽ നടത്തിയ ചിന്തകൾക്ക് ഒടുവിൽ, ആ ചിന്തകളിൽ ഇന്ദ്രിയങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങളും അല്ലാത്ത വിവരങ്ങളും ഉണ്ടാകും, അതിനെല്ലാം ഒടുവിൽ  ഒരു വെളിപാട് പോലെ ന്യൂട്ടനിലേയ്ക്ക് ഗുരുത്വാകർഷണത്തിന്‍റെ നിയമം എത്തിയതാണോ? അങ്ങനെയെങ്കിൽ  വെളിപാടുകളിൽ നിന്നാണ് സിദ്ധാന്തങ്ങൾ ഉണ്ടാകുന്നതെന്ന് പറയേണ്ടിവരും.

കൂടുതല്‍ വായിക്കാന്‍:  ഭാഷാ പഠനം; മലയാളത്തിൽ എന്താണ് ഗവേഷിക്കാൻ ഉള്ളത് ?

രീതി ശാസ്ത്രവും അനുമാനവും പിന്നെ ശാസ്ത്രീയതയും 

ഒരു പണിയും ഇല്ലാതെ ചുമ്മാ കുത്തിയിരിക്കുമ്പോൾ നമുക്കും വെളിപാടുകൾ ഉണ്ടാകുന്നുണ്ട്. എന്നിട്ടും നമ്മൾ ന്യൂട്ടൻമാർ ആകുന്നില്ലല്ലോ? ന്യൂട്ടന്‍റെ വെളിപാട് പ്രത്യേക മെത്തഡോളജിയിലൂടെ വാലിഡേറ്റ് ചെയ്ത് എടുത്തതാണ് എന്നതാണ് വ്യത്യാസം. ആ മെത്തഡോളജിയാണ് ശാസ്ത്രീയമായ അറിവുകളുടെ ഉപയോഗക്ഷമതയുടെ അടിസ്ഥാനം. എന്താണ് ശാസ്ത്രീയമായ ഈ മെത്തഡോളജി എന്ന് ചോദിച്ചാൽ, ന്യൂട്ടന്‍റെ സമയം മുതൽ മാറ്റമില്ലാതെ നിൽക്കുന്നൊരു മെത്തഡോളജി ഉണ്ടെന്നും അത് അലംഘനീയമാണെന്നും കരുതരുത്.

ഫിലോസഫി എന്ന് പൊതുവിൽ അറിയപ്പെട്ട അന്വേഷണ പദ്ധതിയിൽ നിന്നും ശാസ്ത്രത്തിന്‍റെ പദ്ധതിയെ ആദ്യമായി മാറ്റിനിർവചിക്കാൻ ശ്രമിച്ചത് ഫ്രാൻസിസ് ബേക്കൺ ആണെന്ന് കാണാം. അദ്ദേഹത്തിന്‍റെ പദ്ധതി നാരോ ഇൻഡക്ടിവിസം എന്ന് അറിയപ്പെട്ടു. നാരോ ഇൻഡക്ടിവിസത്തിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈപ്പോത്തെറ്റിക്കോ ഡിഡക്ടീവ് മെത്തേഡ് എന്ന പുതിയ പദ്ധതി അവതരിപ്പിച്ചത്  CARL HEMPEL ആണ്. ഹെംപെലിന്‍റെ അഭിപ്രായ പ്രകാരം ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ ആദ്യം നമ്മൾ ഒരു സാധ്യതാ ഉത്തരം (ഹൈപ്പോത്തിസിസ്) മുന്നോട്ട് വയ്ക്കേണ്ടിയിരിക്കുന്നു. ഈ സാധ്യതാ ഉത്തരം ഉണ്ടെങ്കിൽ മാത്രമേ, അത് ശരിയോ തെറ്റോ എന്ന് പരിശോധിക്കാൻ കഴിയൂ. ഇത് പരിശോധിച്ച് നോക്കാൻ പരീക്ഷണങ്ങളെ ആശ്രയിക്കാം. പല രീതിയിൽ പല പരീക്ഷണങ്ങൾ നടത്തി നോക്കുമ്പോൾ ഹൈപ്പോത്തിസിസ് ശരിയോ തെറ്റോ എന്ന് കണ്ടെത്താൻ കഴിയും. ഹൈപ്പോത്തിസിസ് ശരിയാണെങ്കിൽ തിയറിയായി സ്വീകരിക്കാം. തെറ്റാണെങ്കിൽ നിലവിലെ ഹൈപ്പോത്തിസിസ് ഉപേക്ഷിച്ച് പുതിയത് കണ്ടെത്തണം.

ഇങ്ങനെ കൃത്യമായ മെത്തേഡിലൂടെ രൂപീകരിക്കുന്ന അറിവിനെയാണ് സയന്‍റിഫിക് തിയറി അഥവാ ശാസ്ത്രീയ അറിവ് എന്ന് പറയുന്നത്. സയൻസ് എന്നാൽ എന്ത് എന്നത് സംബന്ധിച്ച്  പോപ്പർ, കൂൻ, ലാക്കറ്റോസ് തുടങ്ങി നിരവധി പേർ തങ്ങളുടെ നിലപാടുകൾ മുന്നോട്ട് വച്ചിട്ടുണ്ട്. എങ്കിലും പൊതുവിൽ ഗവേഷണത്തിന് ഉപയോഗിക്കുന്ന രീതിശാസ്ത്രം ഹൈപ്പോത്തെറ്റികോ ഡിഡക്ടീവ് മെത്തേഡ് ആണ്. സയന്‍റിഫിക് മെത്തേഡ് അനുസരിച്ച് ഒരു പ്രശ്നത്തിന്‍റെ ആദ്യഭാഗം ഹൈപ്പോത്തിസിസ് രൂപീകരിക്കൽ ആണ്. ഇവിടെയാണ് അസാധാരണരായ ശാസ്ത്രജ്ഞർ തങ്ങളുടെ അസാധാരണമായ ഭാവനകൾ പുറത്തെടുക്കുന്നത്. തന്‍റെ തന്നെ വാൽ തിന്നുന്നൊരു പാമ്പിനെ കണ്ട സ്വപ്നത്തിൽ നിന്നാണ് കെക്കൂലെ ബെൻസീന്‍റെ ഘടന കണ്ടെത്തിയത് എന്നൊരു കഥയുണ്ട്. ബെൻസീൻ എന്ന കാർബണിക സംയുക്തത്തിന്‍റെ ഘടന കെമിസ്ട്രിക്കാരുടെ മുന്നിൽ കീറാമുട്ടിയായി നിന്നപ്പോഴാണ്,തന്‍റെ സ്വപ്നത്തെ കെക്കൂലെ ഹൈപ്പോത്തിസീസ് ആക്കുന്നത്. ആ വെളിപാട് സാധൂകരിക്കപ്പെടുന്നത് പരീക്ഷണങ്ങളിലൂടെയാണ്. ഈ പരീക്ഷണങ്ങൾ നടത്താൻ ഉപകരണങ്ങളെ ആശ്രയിക്കേണ്ടവരും, ഉപകരണങ്ങളിൽ നിന്ന് കിട്ടുന്ന അളവുകളെ ആശ്രയിക്കേണ്ടിവരും, മനുഷ്യന്‍റെ ഇന്ദ്രിയങ്ങളെ തന്നെ ആശ്രയിക്കേണ്ടിയും വരും.  ശാസ്ത്രമെന്നാൽ  The systematic study of the structure and behavior of the physical and natural world through observation, experimentation, and the testing of theories against the evidence obtained.

നമുക്ക് മുന്നിലുള്ള എല്ലാ ചോദ്യങ്ങൾക്കും മേൽവിവരിച്ച നിർവചന പ്രകാരം ഉത്തരം കണ്ടെത്താൻ കഴിയുമോ എന്നതാണ് ചോദ്യം. നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങളോട് എത്ര സ്നേഹമുണ്ടെന്ന് ഭാര്യയെ സ്കാനറിൽ കയറ്റി കണ്ടെത്താൻ കഴിയുമോ. ഒരു പൂവിൽ എത്ര സൌന്ദര്യമുണ്ടെന്ന് സ്കെയിൽ വച്ച് അളന്നെടുക്കാൻ പറ്റുമോ? ഒരു വാക്കിന്‍റെ അർത്ഥം എന്താണെന്ന് കണ്ടെത്താൻ വാക്ക് എഴുതിയ പേപ്പറിനെ ടെസ്റ്റ് ട്യൂബിൽ ഇട്ട് ആസിഡ്  ഒഴിച്ച് നോക്കിയാൽ മതിയാകുമോ? ഒരു കുട്ടി എങ്ങനെയാണ് ഭാഷ സ്വന്തമാക്കുന്നതെന്ന് നിരീക്ഷിക്കുന്നതിലൂടെ മാത്രം കണ്ടെത്താൻ കഴിയുമോ? എസ് ജോസഫിന്‍റെ കവിതയിൽ എത്ര കവിത്വം ഉണ്ടെന്ന് അന്വേഷിക്കാൻ കവിതയെ തൂക്കിനോക്കിയാൽ മതിയാകുമോ? മലയാള സിനിമയിൽ എത്ര ഹൈന്ദവികത ഉണ്ടെന്ന് കണ്ടെത്താൻ സിനിമയുടെ റീലുകൾ നക്കി നോക്കിയാൽ മതിയാകുമോ?  

ഭാഷയെ സംബന്ധിച്ച പല പ്രശ്നങ്ങളും മേൽ വിവരിച്ചതിന് സമാനമാണ്. മനുഷ്യരെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ഭാഷയുടെ കൂടി പ്രശ്നമാണെന്ന് ചിന്തിക്കുന്ന ചിന്തകരും ഉണ്ട്. അങ്ങനെയെങ്കിൽ ഭാഷയെ സംബന്ധിച്ച്,സാഹിത്യത്തെ സംബന്ധിച്ച് ഒക്കെയുള്ള  പ്രശ്നങ്ങൾക്ക് എങ്ങനെയാണ് ഉത്തരം കണ്ടെത്താൻ കഴിയുക? മലയാളത്തിൽ എന്താണ് ഗവേഷിക്കാൻ ഉള്ളതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമുക്ക് അതും കണ്ടെത്തേണ്ടിവരും. അത് പിന്നീട്.

 

(കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മലയാള വിഭാഗത്തിൽ " ചോംസ്കിയൻ മിനിമലിസ്റ്റ് പ്രോഗ്രാം മലയാളത്തിൽ - സിദ്ധാന്തവും പ്രയോഗവും " എന്ന വിഷയത്തിൽ ഗവേഷകനാണ് ലേഖകന്‍. )

click me!