പൊതുസ്ഥലത്ത് പുകവലിച്ചാലോ, മാലിന്യമിട്ടാലോ ഒന്നും ശിക്ഷയില്ല, പക്ഷേ, ഏറ്റവും വൃത്തിയുള്ള ​ഗ്രാമങ്ങളിലൊന്ന്!

By Web TeamFirst Published Jul 12, 2021, 10:35 AM IST
Highlights

ബിയാറ്റെയെ സംബന്ധിച്ച് പരിസരം ശുചിയാക്കുക എന്നത് പണം കൊടുത്ത് ആളുകളെ നിയമിച്ച് ചെയ്യേണ്ടുന്ന ഒരു ജോലിയല്ല. പകരം, പരിസരം വൃത്തിയാക്കി വയ്ക്കുക എന്നത് സമൂഹത്തിന്‍റെ കൂട്ടായ ഉത്തരവാദിത്തമായിട്ടാണ് അവര്‍ കാണുന്നത്.

നമ്മുടെ നാട്ടിൽ എവിടെ മാലിന്യം ഇടരുത് എന്ന് എഴുതിവച്ചിരിക്കുന്നോ അവിടെ തന്നെ മാലിന്യം കൊണ്ട് ഇടുന്നത് പതിവാണ്. അതുപോലെ തന്നെയാണ് പൊതുസ്ഥലത്ത് മൂത്രമഴിക്കുക, പൊതുസ്ഥലത്ത് പുകവലിക്കുക തുടങ്ങിയവയും. എത്രയൊക്കെ നിയമമുണ്ടെങ്കിലും പിഴയൊടുക്കേണ്ടി വരുമെങ്കിലും ആളുകൾ അതെല്ലാം ചെയ്യും. അങ്ങനെയുള്ളവർ നമ്മുടെ ഇന്ത്യയിൽ തന്നെ ഉള്ള ഈ കൊച്ചു​ഗ്രാമത്തെ കണ്ടുപഠിക്കണം. എന്താണ് ആ ​ഗ്രാമത്തിന്റെ പ്രത്യേകത എന്നല്ലേ? അതറിയാം.

മിസോറാമിലെ ബിയാറ്റെ അതിമനോഹരമായ ഒരു ഗ്രാമമാണ്. ആ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ വൃത്തിയാണ്. ടംപാ ജില്ലയിലാണ് ബിയാറ്റെ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സ്ഥലങ്ങളിലൊന്നാണിത്. എന്നാലതിനെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നത് ഇതൊന്നുമല്ല. മറിച്ച്, ഏറ്റവും വൃത്തിയുള്ള ​ഗ്രാമങ്ങളിലൊന്നായി അറിയപ്പെടുമ്പോഴും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ കാണുന്നതുപോലെ ഇവിടെ ശുചീകരണത്തൊഴിലാളികളില്ല. 

ബിയാറ്റെയെ സംബന്ധിച്ച് പരിസരം ശുചിയാക്കുക എന്നത് പണം കൊടുത്ത് ആളുകളെ നിയമിച്ച് ചെയ്യേണ്ടുന്ന ഒരു ജോലിയല്ല. പകരം, പരിസരം വൃത്തിയാക്കി വയ്ക്കുക എന്നത് സമൂഹത്തിന്‍റെ കൂട്ടായ ഉത്തരവാദിത്തമായിട്ടാണ് അവര്‍ കാണുന്നത്. എല്ലാ ആഴ്ചയിലും ശനിയാഴ്ച രാവിലെ ആളുകള്‍ ചൂലും മറ്റുമായി തെരുവിലേക്കിറങ്ങി ഓരോ ഇടവും വൃത്തിയാക്കും. ഇങ്ങനെ വൃത്തിയാക്കാനിറങ്ങുന്നവരിൽ വളരെ ചെറിയ കുട്ടികളും പെടുന്നു. 

ഓരോ വീടിനും മാലിന്യമിടാനും സംസ്കരിച്ചെടുക്കാനുമുള്ള സൗകര്യവും ഉണ്ട്. അതുപോലെ വിവിധതരം മാലിന്യങ്ങളിടാനുള്ള ഡസ്റ്റ്ബിന്നുകളും കാണാം. മാലിന്യം ശേഖരിക്കാനെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനായി ഒരു ചെറിയ തുക ഓരോ കുടുംബവും മാറ്റിവയ്ക്കുന്നു. ഈ ഫണ്ട് അതുപോലെ തന്നെ ഓടകള്‍ നിര്‍മ്മിക്കാനും ഉപയോഗപ്പെടുത്തുന്നു. ഈ ഗ്രാമത്തില്‍ വൃത്തിയുടെ കാര്യത്തിലെ പ്രത്യേകത പോലെ തന്നെ രോഗങ്ങളും വളരെയധികം കുറവാണ്. 

ഇവിടെ സ്ഥലങ്ങള്‍ ശുചിയാക്കി വയ്ക്കുന്നതിന് പിഴകളോ, സ്ഥലങ്ങൾ വൃത്തികേടാക്കിയിടുന്നത് തടയാനായി മറ്റേതെങ്കിലും തരത്തിലുള്ള നിയമങ്ങളോ ഒന്നും തന്നെ ഇല്ല. അതുപോലെ പൊതുസ്ഥലത്ത് വച്ച് പുക വലിക്കുന്നതിനും പ്രത്യേകം ശിക്ഷ ഒന്നും തന്നെ ഇല്ല. അതുപോലെ തന്നെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനോ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനോ ഒന്നും ശിക്ഷയില്ല. എന്നാല്‍, ശിക്ഷകളൊന്നും തന്നെ ഇല്ലെങ്കിലും ജനങ്ങള്‍ ഇവയൊന്നും തന്നെ ചെയ്യില്ല.

1800 -കളിലാണ് ഈ രീതി തുടങ്ങിയത് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഇന്നും ജനങ്ങൾ ഇവയെല്ലാം പാലിക്കുകയും സ്ഥലത്തെ വൃത്തിയോടെ സൂക്ഷിക്കുകയും ചെയ്യുന്നു. 

click me!